എന്നെങ്കിലും നടൻ ദുൽഖർ സൽമാന്റെ കൂടെ അഭിനയിക്കുമെന്ന് തന്റെ നോട്ടിൽ കുറിച്ചിരുന്നെന്ന് നടി റിതിക സിങ്. കിംഗ് ഓഫ് കൊത്തയിൽ അഭിനയിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നെന്നും ഡാൻസിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്ന ഒരു പാട്ടിലാണ് താൻ അഭിനയിച്ചിരിക്കുന്നതെന്നും റിതിക പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കിംഗ് ഓഫ് കൊത്തയിൽ വർക്ക് ചെയ്തത് മറക്കാനാകാത്ത ഒരു അനുഭവം ആണ്. പിന്നെ ദുൽഖർ സൽമാന്റെ കൂടെ വർക്ക് ചെയ്യണമെന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമാണ്. ഒരിക്കൽ ദുൽഖറിന്റെ കൂടെ വർക്ക് ചെയ്യുമെന്ന് 2020 മാർച്ചിൽ ഞാൻ എന്റെ നോട്ടിൽ കുറിച്ചിരുന്നു. അതൊരു സംഭവംആയിരിക്കുമെന്നും ഞാൻ കുറിച്ചിരുന്നു.
ഇപ്പോൾ അത് സംഭവിച്ചപ്പോൾ എനിക്ക് സന്തോഷമായി, ഞാൻ അത് നേടി എടുത്തു എന്നൊരു സന്തോഷമാണിപ്പോൾ ഉള്ളത്. ഡാൻസ് ചെയ്യാൻ ഒരുപാടിഷ്ടപ്പെടുന്ന ആളാണ് ഞാൻ. കൂടുതൽ ഡാൻസ് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പാട്ടിലാണ് ഞാൻ അഭിനയിച്ചിരിക്കുന്നത്. അതിൽ സെലിബ്രേഷൻ ഉണ്ട്, സന്തോഷവും ഉണ്ട്. അതിനെപ്പറ്റി കൂടുതൽ ഒന്നും പറയാൻ പറ്റില്ല. എനിക്ക് വളരെ നല്ലൊരു ആനുഭവം സമ്മാനിച്ച സിനിമയാണ് കിംഗ് ഓഫ് കൊത്ത,’ റിതിക പറഞ്ഞു.
ബാലാജി കെ.കുമാർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കൊലൈ റിതികയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. വിജയ് ആന്റണി, രാധിക ശരത് കുമാർ, കിഷോർ കുമാർ, മീനാക്ഷി ചൗധരി, മുരളി ശർമ, ജോണ്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 21 ന് ചിത്രം തിയേറ്ററുകളിൽ എത്തും.
കിംഗ് ഓഫ് കൊത്തയിലൂടെയാണ് റിതിക മലയാള സിനിമയിലേക്ക് ചുവട് വെക്കുന്നത്. ഗ്യാങ്സ്റ്ററായി ദുല്‍ഖര്‍ എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോകുല്‍ സുരേഷ്, രാജേഷ് ശര്‍മ, അനിഖ സുരേന്ദ്രന് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ഓണത്തിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന് ഇപ്പോള്‍ തന്നെ 400 സ്ക്രീനുകള്‍ ലോക്ക് ചെയ്തെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
Content Highlights: Ritika Singh on Dulquer Salmaan and King of Kotha