സൗത്ത് ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ് റിതിക സിങ്. സുധാ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്ര് എന്ന ചിത്രത്തിലൂടെയാണ് റിതിക തന്റെ സിനിമാജീവിതം ആരംഭിച്ചത്. ആദ്യചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും റിതിക സ്വന്തമാക്കി. പിന്നീട് ആണ്ടവന്‍ കട്ടളൈ, ഓ മൈ കടവുളേ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടി. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സിലെ ജേതാവ് കൂടിയാണ് റിതിക.
ആണ്ടവന്‍ കട്ടളൈ, ഓ മൈ കടവുളേ എന്നീ സിനിമകളില്‍ ക്യാരക്ടര്‍ റോളുകളും കിങ് ഓഫ് കൊത്തയില്‍ ഐറ്റം ഡാന്‍സും ചെയ്തിട്ടുണ്ടെന്നും ഇനി എന്താണ് താന്‍ തെളിയിക്കേണ്ടതെന്ന് ചോദിക്കുകയാണ് റിതിക. താന്‍ ഫൈറ്റ് ചെയ്യുന്നത് ഇനിയും തുടരുമെന്നും അതിനുള്ള കരുത്ത് തനിക്ക് സ്‌പോര്‍ട്‌സിലൂടെ കിട്ടിയിട്ടുണ്ടെന്നും റിതിക പറഞ്ഞു. മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്തിനാണ് പഠിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ടെന്നും റിതിക പറഞ്ഞു. തനിക്ക് ഇതൊക്കെ സാധിക്കുമെന്ന് എല്ലാവരെയും കാണിക്കുന്നത് തുടരുമെന്നും അതാണ് താനെന്നും റിതിക കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികള്‍ ഇത്രമാത്രം കരുത്തരാകണ്ട എന്ന് പലരും പറയുമെന്നും തനിക്കത് അംഗീകരിക്കാന്‍ കഴിയില്ലെന്നും റിതിക പറഞ്ഞു. ആരെങ്കിലും തന്നെ ആക്രമിക്കാന്‍ വന്നാല്‍ അതിനെ എങ്ങനെ ചെറുക്കാന്‍ വേണ്ടിയാണ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചതെന്നും റിതിക പറഞ്ഞു. സ്‌പോര്‍ട്‌സിലൂടെ നമ്മുടെ ആത്മവിശ്വാസം കൂട്ടാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞെന്നും റിതിക കൂട്ടിച്ചേര്‍ത്തു. കുമുദം ടി.വിയോട് സംസാരിക്കുകയായിരുന്നു റിതിക.
‘ആണ്ടവന്‍ കട്ടളൈ, ഓ മൈ കടവുളേ പോലുള്ള സിനിമകളിലെ ക്യാരക്ടര്‍ റോളുകളും ചെയ്തു, കലാപക്കാരാ പോലുള്ള പാട്ടും ചെയ്തു. ഇനിയെന്താണ് ഞാന്‍ തെളിയിക്കേണ്ടത്. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടുള്ള എന്റെ പോസ്റ്റുകള്‍ക്ക് താഴെ പലരും ചോദിക്കുന്നുണ്ട്, എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്ന്. എനിക്ക് ഇതെല്ലാം സാധിക്കുമെന്ന് എല്ലാവരെയും അറിയിക്കണം, ഇതാണ് ഞാനെന്ന് എല്ലാവരോടും പറയണം. അതിന് വേണ്ടിയാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നത്.
പെണ്‍കുട്ടികള്‍ ഇത്രക്ക് കരുത്തരാകണ്ട എന്നാണ് പലരും പറയുന്നത്. എനിക്കത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ആരെങ്കിലും എന്നെ ആക്രമിക്കാന്‍ വന്നാല്‍ അതിനെ ഡിഫന്‍ഡ് ചെയ്യണം, ആ സാഹചര്യത്തോട് ഫൈറ്റ് ചെയ്യണം. ഇതിനൊക്കെ വേണ്ടിയാണ് ഞാന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കുന്നതും പരിശീലിക്കുന്നതും. ജയിക്കുമോ തോല്‍ക്കുമോ എന്ന് നോക്കിയല്ല ഞാന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഓരോ തവണ ഫൈറ്റ് ചെയ്യുമ്പഴും എന്റെ ആത്മവിശ്വാസം കൂടും, അത്രയേ ഉള്ളൂ,’ റിതിക പറഞ്ഞു.
Content Highlight: Ritika Singh explains why she doing Martial arts