ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിക്കെതിരെ നിയമ നടപടിക്കൊരുങ്ങി പൃഥ്വിരാജ് സുകുമാരന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി പൃഥ്വിരാജ് 25 കോടി പിഴയടച്ചു വാര്‍ത്ത കൊടുത്തതിന് പിന്നാലെയാണ് ചാനലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനൊരുങ്ങുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞത്.
ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണെന്നും സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പൃഥ്വിരാജ് പറഞ്ഞു.
‘വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജ ആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു ‘കള്ളം’, വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.
PS: ഇനിയും വ്യക്തത വേണ്ടവര്‍ക്ക്: ഞാന്‍ ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല,’ പൃഥ്വിരാജ് പറഞ്ഞു.
കുറിപ്പിനൊപ്പം മറുനാടനെതിരെ നിയനടപടിക്കൊരുങ്ങുന്നു എന്ന പ്രസ്താവനയും പൃഥ്വിരാജ് നല്‍കി.
‘ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി 250000000 രൂപ അടച്ചുവെന്നും പ്രൊപ്പഗണ്ട സിനിമകള്‍ നിര്‍മിച്ചുവെന്നും ആരോപിച്ച് എനിക്കെതിരെ അപകീര്‍ത്തികരവും വ്യാജവുമായി വാര്‍ത്ത മറുനാടന്‍ മലയാളി എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഈ ആരോപണം തീര്‍ത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാല്‍ പ്രസ്തപത ചാനലിനെതിരെ ശക്തമായ നിയമ നടപടികള്‍ ഞാന്‍ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളായ എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളേയും അറിയിച്ചുകൊള്ളുന്നു. വസ്തുതകള്‍ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ഇതിനുമേല്‍ തുടര്‍വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു,’ പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: Prithviraj Sukumaran is preparing to take legal action against Marunadan Malayali