| Thursday, 3rd August 2023, 4:08 pm

എന്റെ പ്രിന്‍സിപ്പിള്‍സുമായി ഒത്തുപോകുന്നതാണെങ്കില്‍ തമിഴിലും ഡാന്‍സ് നമ്പര്‍ ചെയ്യും: റിതിക സിങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്‍ഡസ്ട്രിയിലെത്തി വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെടുന്ന തരത്തിലാക്കാന്‍ സാധിച്ച നടിയാണ് റിതിക സിങ്. ആദ്യ ചിത്രമായ ഇരുതി സുട്രു ആണെങ്കിലും രണ്ടാം ചിത്രമായ ഓ മൈ കടവുളെയും തമിഴിന് പുറത്തേക്കും ശ്രദ്ധ നേടിയിരുന്നു.

ദുല്‍ഖര്‍ ചിത്രമായ കിങ് ഓഫ് കൊത്തയില്‍ താരം ചെയ്ത ഡാന്‍സ് നമ്പറും ശ്രദ്ധ നേടിയിരുന്നു. നല്ല അവസരങ്ങള്‍ വന്നാല്‍ തമിഴിലും ഡാന്‍സ് നമ്പറുകള്‍ ചെയ്യുമെന്ന് പറയുകയാണ് റിതിക.

മിര്‍ച്ചി തമിഴിന് നല്‍കിയ അഭിമുഖത്തിനിടയില്‍ കിങ് ഓഫ് കൊത്തയിലെ ഡാന്‍സ് നമ്പര്‍ ഇവിടെ ചെയ്തതില്‍ നിന്നുമൊക്കെ വ്യത്യസ്തമാണല്ലോ എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ തമിഴില്‍ ചെയ്യുന്നതിന് തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് റിതിക പറഞ്ഞത്.

‘തമിഴില്‍ ഫാസ്റ്റ് നമ്പര്‍ ചെയ്യാനൊക്കെ പറ്റും. എനിക്ക് പ്രശ്‌നമൊന്നുമില്ല. നല്ല ഒരു പാട്ട് വന്നാല്‍, എന്റെ പ്രിന്‍സിപ്പിള്‍സുമായി ചേര്‍ന്ന് പോകുന്നതാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. അത് അഞ്ച് മിനിട്ടാണെങ്കിലും 20 മിനിട്ടാണെങ്കിലും കുഴപ്പമില്ല. പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ട് പോയാലും ആ കഥാപാത്രം കൂടെയുണ്ടാവണം,’ റിതിക പറഞ്ഞു.

മലയാള സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അവിടെ ഒരുപാട് നല്ല സിനിമകള്‍ ഉണ്ടാവുന്നുണ്ടെന്നും റിതിക പറഞ്ഞു.

ജൂലൈ 28ന് ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് കലാപകാര എന്ന റിതികയുടെ ഡാന്‍സ് നമ്പര്‍ പുറത്തുവിട്ടത്. ബെന്നി ദയാലും ജേക്‌സ് ബിജോയിയും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഗാനം പാടിയത്. ജേക്‌സ് ബിജോയ് തന്നെയാണ് പാട്ടിന് സംഗീതമൊരുക്കിയതും.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 24ന് ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Content Highlight: Rithika Singh says she will do dance numbers in Tamil as well

Latest Stories

We use cookies to give you the best possible experience. Learn more