ഇനി താന്‍ റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യുന്നില്ല എന്ന ദുല്‍ഖര്‍ സല്‍മാന്റെ പ്രഖ്യാപനം അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് സീതാ രാമം തന്റെ അവസാനത്തെ റൊമാന്റിക് ചിത്രമായിരിക്കുമെന്ന് താരം പറഞ്ഞത്. ദുല്‍ഖറിന്റെ പ്രഖ്യാപനത്തില്‍ ആരാധകര്‍ തെല്ലൊന്നുമല്ല നിരാശരായത്. എന്നാല്‍ പിന്നീട് റൊമാന്‍സ് ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തുകയല്ലെന്നും തല്‍ക്കാലം ഒരു ബ്രേക്ക് എടുക്കുകയാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
റൊമാന്റിക് ഹീറോ എന്ന ടാഗ് വീണതോടെയാണ് റൂട്ട് മാറ്റാനുള്ള ദുല്‍ഖര്‍ തീരുമാനമെടുത്തത്. തനിനാട്ടുമ്പുറത്തുകാരനായ ലാലുവിന്റെ കഥ പറഞ്ഞ സെക്കന്റ് ഷോയിലൂടെയാണ് കരിയര്‍ ആരംഭിച്ചതെങ്കിലും തുടക്കകാലത്ത് ചെയ്ത ഉസ്താദ് ഹോട്ടല്‍, എ.ബി.സി.ഡി, നീലാകാശം പച്ച കടല്‍ ചുവന്ന ഭൂമി, ബാഗ്ലൂര്‍ ഡേയ്സ് പോലെയുള്ള ചിത്രങ്ങള്‍ താരത്തിന് അര്‍ബന്‍ കഥാപാത്രങ്ങള്‍ എന്ന ‘സേഫ് സോണി’ലേക്ക് ഒതുങ്ങുന്നു നേടിക്കൊടുത്തു.
എന്നാല്‍ കരിയറില്‍ വ്യക്തമായ പ്ലാനിങ്ങുള്ള ദുല്‍ഖര്‍ പരിമിതികളെ മറികടന്ന് വിക്രമാദിത്യന്‍, കമ്മട്ടിപ്പാടം, പറവ, ഞാന്‍ പോലെയുള്ള ചിത്രങ്ങളിലൂടെ അര്‍ബന്‍ സ്റ്റാര്‍ എന്ന സ്റ്റീരിയോടൈപ്പ് മാറ്റിയെടുത്തു. ഇതിനിടക്ക് തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമാറിയിച്ച് രാജ്യം ശ്രദ്ധിക്കുന്ന താരമായി മാറാന്‍ ദുല്‍ഖറിന് സാധിച്ചു.
എങ്കില്‍ പോലും സി.ഐ.എ, പട്ടം പോലെ, 100 ഡേയ്‌സ് ഓഫ് ലവ് മുതലായ മലയാളം ചിത്രങ്ങള്‍ റൊമാന്റിക് ഹീറോ എന്ന ടാഗ് അദ്ദേഹത്തിന് നല്‍കി. ഇതരഭാഷകളിലുള്ള ചിത്രങ്ങള്‍ പരിശോധിച്ചാലും റൊമാന്റിക് ഹീറോ പരിവേഷം കിട്ടിയതില്‍ അത്ഭുതപ്പെടാനാവില്ല.
ദുല്‍ഖറിന്റെ ആദ്യ ഇതരഭാഷ ചിത്രമായ ഒ.കെ കണ്‍മണി തെന്നിന്ത്യയില്‍ തന്നെ തരംഗമായ പ്രണയചിത്രമാണ്. പ്രണയചിത്രങ്ങളുടെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ മണിരത്‌നത്തിന്റെ സംവിധാനത്തിലുള്ള ചിത്രമാവുമ്പോള്‍ മറ്റെന്ത് സംഭവിക്കാനാണ്. റൊമാന്റിക് ഹീറോ പരിവേഷത്തിലേക്ക് ദുല്‍ഖറിനെ ഉറപ്പിക്കുന്നതില്‍ ഒ.കെ. കണ്‍മണി വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
ഹിന്ദിയില്‍ ശ്രദ്ധിക്കപ്പെട്ട സോയ ഫാക്റ്ററും സീതാ രാമത്തിന് മുമ്പ് ഇറങ്ങിയ പാന്‍ ഇന്ത്യന്‍ ചിത്രമായ ഹേ സിനാമികയുമെല്ലാം റൊമാന്റിക് ഡ്രാമ ജോണറിലിറങ്ങിയ ചിത്രങ്ങളായിരുന്നു. മഹാനടിയും കര്‍വാനുമാണ് കുറച്ചെങ്കിലും മാറി സഞ്ചരിച്ചത്. മഹാനടി ബയോപികായിരുന്നിട്ടും ജെമിനി ഗണേശനായെത്തിയ ദുല്‍ഖറിന് കൂടുതല്‍ സമയവും റൊമാന്‍സായിരുന്നു ചെയ്യാനുണ്ടായിരുന്നത്.
റൊമാന്റിക് ചിത്രങ്ങള്‍ ഒഴിയാബാധയായി തന്നെ പിന്തുടരുന്നു എന്ന് തോന്നുന്ന ഘട്ടത്തിലാവണം അത് നിര്‍ത്തണമെന്ന് താരത്തിന് തോന്നിയത്. കുറുപ്പിലൂടെയും സല്യൂട്ടിലൂടെയും റൂട്ട് മാറ്റാന്‍ തുടങ്ങിയെങ്കിലും ദുല്‍ഖറിനെ തേടി വീണ്ടും ഹേ സിനാമികയും സീതാ രാമവും എത്തിയത് ഒഴിവാക്കാനായില്ല.
ഇനിയും റൊമാന്റിക് ജോണറിലുള്ള ചിത്രങ്ങളുമായി എഴുത്തുകാരും സംവിധായകരും സമീപിക്കുന്നത് നിര്‍ത്താനായിരിക്കും ദുല്‍ഖര്‍ തന്റെ തീരുമാനം പരസ്യമായി തന്നെ തുറന്ന് പറഞ്ഞത്. സീതാ രാമം കണ്ട് പല പ്രേക്ഷകരും റൊമാന്‍സ് ചെയ്യുന്നത് നിര്‍ത്തരുതെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും കരിയറിന്റെ വളര്‍ച്ചയ്ക്ക് ദുല്‍ഖറിന്റെ ഈ തീരുമാനം എന്തുകൊണ്ടും യോജിച്ചതാണ്.
Content Highlight: write up about the dicision of dulquer salmaan to take a break from romantic hero movies