കൊല്‍ക്കത്ത: സി.പി.ഐ.എം നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജ്യസഭാ എം.പി ഋതബ്രത ബാനര്‍ജി. പൊളിറ്റ്ബ്യൂറോയില്‍ മുസ്‌ലിം ക്വാട്ട ഉണ്ടെന്നും പാര്‍ട്ടി നേതൃത്വം ബംഗാള്‍ വിരുദ്ധന്മാരാണെന്നും ഒരു ബംഗാള്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാനര്‍ജി പറഞ്ഞു.
സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും വരുന്നത് തടഞ്ഞത് പ്രകാശ് കാരാട്ടും ഭാര്യ ബൃന്ദകാരാട്ടുമാണെന്ന് ബാനര്‍ജി പറഞ്ഞു.
സി.പി.ഐ.എം ബംഗാള്‍ നേതാവും റായ്ഗഞ്ച് എം.പിയുമായ മുഹമ്മദ് സലീമിനെ പൊളിറ്റ്ബ്യൂറോയില്‍ എടുത്തത് പി.ബിയില്‍ മുസ്‌ലിം ക്വാട്ട ഉള്ളത് കൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എങ്ങനെയാണ് മുസ്‌ലിംങ്ങള്‍ക്കോ അല്ലെങ്കില്‍ സ്ത്രീകള്‍ക്കോ മാത്രമായി ക്വാട്ട നടപ്പിലാക്കുകയെന്നും ബാനര്‍ജി ചോദിച്ചു.
സി.പി.ഐ.എമ്മിന്റെ ദേശീയ നേതാക്കളില്‍ ഭൂരിപക്ഷവും ബംഗാള്‍ വിരുദ്ധന്മാരാണെന്നും 1996ല്‍ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കാതിരുന്നത് ഇവരാണെന്നും ബാനര്‍ജി പറഞ്ഞു. അന്നത്തെ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തരമായിരുന്നെന്നും ബാനര്‍ജി പറഞ്ഞു.
പാര്‍ട്ടി അന്വേഷണ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട സലീം ഉള്‍പ്പടെയുള്ളവര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും ഇതിനെ കുറിച്ച് താന്‍ രഹസ്യമായി അന്വേഷിച്ചുവെന്നും ഋതബ്രത പറഞ്ഞു. സസ്‌പെന്‍ഷന്‍ കാലയളവില്‍ മിണ്ടാതിരുന്നെങ്കിലും സലീമും മകനും സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ പ്രചാരണം നടത്തിയെന്നും ഋതബ്രത ആരോപിക്കുന്നു.
ആഡംബര ജീവിതവും മോശം പെരുമാറ്റങ്ങളും ചൂണ്ടിക്കാട്ടി ഋതബ്രത ബാനര്‍ജിയെ സി.പി.ഐ.എം പശ്ചിമബംഗാള്‍ ഘടകം മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബംഗാള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് നടപടി എടുത്തിരുന്നത്.
ലക്ഷങ്ങള്‍ വിലയുള്ള ആപ്പിള്‍ വാച്ചും മോണ്ട് ബ്ലാങ്ക് പേനയുമായി ഇരിക്കുന്ന ഋതബ്രത ബാനര്‍ജിയുടെ ഫോട്ടോ വിമര്‍ശനത്തിന് കാരണമായിരുന്നു. നവമാധ്യമങ്ങളില്‍ ഈ വിഷയം് ചര്‍ച്ച ചെയ്ത ഇടതുപക്ഷ അനുഭാവിയായ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അയാളുടെ കമ്പനിയ്ക്ക് ഋതബ്രത കത്തയച്ചതും വിവാദമായിരുന്നു.
ഋതബ്രതയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കാനുള്ള അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട് ബംഗാള്‍ സംസ്ഥാന കമ്മിറ്റി ആഗസ്റ്റില്‍ ശരിവെച്ചിരുന്നു. ഋതബ്രതയുടെ വിഷയത്തില്‍ കേന്ദ്ര കമ്മിറ്റി അന്തിമ തീരുമാനമെടുക്കുമെന്ന് ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ഋതബ്രത ബി.ജെ.പിയില്‍ ചേരുമെന്ന സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് ഋതബ്രത വീണ്ടും രംഗത്തെത്തിയത്.