| Monday, 6th July 2020, 8:20 am

ബ്യൂബോണിക് പ്ലേഗ് മുന്നറിയിപ്പുമായി ചൈന; അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വുഹാന്‍: ബ്യൂബോണിക് പ്ലേഗ് മുന്നറിയിപ്പ് നല്‍കി ചൈന. വടക്കന്‍ ചൈനയിലെ ഒരു നഗരത്തില്‍ ഞായറാഴ്ച ബ്യൂബോണിക് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തതായാണ് ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബയന്നൂര്‍ ,സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗോളിയ തുടങ്ങിയ പ്രദേശങ്ങളില്‍ മൂന്നാം ഘട്ട മുന്നറിയിപ്പ് പ്രഖ്യാപിച്ചതായി സര്‍ക്കാരിന്റെ പീപ്പിള്‍സ് ഡെയ്ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബയാന്നൂരിലെ ഒരു ആശുപത്രിയിലാണ് ശനിയാഴ്ച ബ്യൂബോണിക് പ്ലേഗ് കേസ് റിപ്പോര്‍ട്ട് ചെയ്തു. 2020 അവസാനം വരെ മുന്നറിയിപ്പ് കാലയളവ് തുടരുമെന്ന് പ്രാദേശിക ആരോഗ്യ വകുപ്പ് അറിയിച്ചു.

പടിഞ്ഞാറന്‍ മംഗോളിയയിലെ ഖോവ്ഡ് പ്രവിശ്യയില്‍ ബ്യൂബോണിക് പ്ലേഗ് എന്ന സംശയക്കപ്പെട്ട രണ്ട് കേസുകള്‍ ലാബ് പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ബ്യൂബോണിക് പ്ലേഗിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ സ്വയം സംരക്ഷണവും അവബോധവും മെച്ചപ്പെടുത്തുകയും അസാധാരണമായ ആരോഗ്യസ്ഥിതികള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്ന് പ്രാദേശിക ആരോഗ്യ വകുപ്പ് അറിയിച്ചു.

നിലവില്‍ 27 കാരനും ഇദ്ദേഹത്തിന്റെ സഹോദരനായ 17 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മാര്‍മോത്ത് മാസം കഴിച്ചിരുന്നെന്നും ജനങ്ങള്‍ മാര്‍മോത്ത് മാംസം കഴിക്കരുതെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 146 പേരെ പ്രാദേശിക ആശുപത്രികളില്‍ ഐസൊലേറ്റ് ചെയ്തു.

ബ്യൂബോണിക് പ്ലേഗ് ഒരുബാക്ടീരിയല്‍ രോഗമാണ്. മാര്‍മോത്ത് പോലുള്ള കാട്ടു എലികളില്‍നിന്നാണ് രോഗം പകരുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ഒരു മുതിര്‍ന്ന വ്യക്തിയെ കൊല്ലാന്‍ ഇതിന് കഴിയും. 1855ല്‍ ചൈനയിലെ യൂനാന്‍ പ്രവിശ്യയിലാണ് ബ്യൂബോണിക് പ്ലേഗ് ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more