| Tuesday, 27th March 2018, 5:21 pm

വൃഥാവിലാകുന്ന മാനസികാരോഗ്യ പദ്ധതികള്‍; മലയാളിയുടെ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്

റെന്‍സ ഇഖ്ബാല്‍

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 12,988 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതില്‍ 2946 പേര്‍ സ്ത്രീകളും 401 പേര്‍ കുട്ടികളുമായിരുന്നു. ഇതില്‍ 850 പേര്‍ സാമ്പത്തിക ബാധ്യതകള്‍ കാരണവും, 2325 പേര്‍ രോഗങ്ങള്‍ മൂലവുമാണ് ജീവിതം അവസാനിപ്പിച്ചത്. ആത്മഹത്യകളുടെ പ്രധാന കാരണം കുടുംബ പ്രശ്നങ്ങള്‍ ആണെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 4178 പേരാണ് ഈ കാരണം മൂലം ജീവനൊടുക്കിയിരിക്കുന്നത്.

നിയമസഭയില്‍ കോവളം എം.എല്‍.എ എം.വിന്‍സെന്റ് ഉന്നയിച്ച് ചോദ്യത്തിനു ഈ മാസം കൊടുത്ത മറുപടിയിലാണ് മുഖ്യമന്ത്രി രേഖാമൂലം ഈ വിഷയം വെളിപ്പെടുത്തിയത്. നിംഹാന്‍സ് 2015-16 അടിസ്ഥാനമാക്കി നടത്തിയ മാനസികാരോഗ്യ സര്‍വ്വേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് സംസ്ഥാനത്ത് 12.6% ആത്മഹത്യസാധ്യത കാണുന്നു എന്നാണ്. രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മധ്യവയസ്‌കര്‍ക്കിടയിലെ ആത്മഹത്യയും ഏറ്റവും അധികം കാണുന്നത് കേരളത്തിലാണെന്നാണ് ഈ പഠനം പറയുന്നത്.

കേരളത്തില്‍ ആത്മഹത്യ നിരക്ക് കൂടുതല്‍ എന്ന് പറയുമ്പോള്‍ മറ്റു സംസ്ഥാനങ്ങളുടെ കണക്ക് ഒരു പക്ഷെ കേരളത്തിന്റെ അത്രയും കൃത്യമാകണം എന്നില്ല എന്ന് ചിന്തിക്കേണ്ടതുണ്ടെന്നാണ് ഇംഹാന്‍സില്‍ സൈക്യാട്രിസ്റ്റായ ഡോ. ഷിബുകുമാര്‍ പറയുന്നത്.

ആത്മഹത്യക്കുള്ള സാധ്യതയും ആത്മഹത്യയുടെ നിരക്കും സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാരില്‍ കൂടുതലാണെന്നാണ് ഇംഹാന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുരുഷന്മാരില്‍ ആത്മഹത്യയുടെ നിരക്ക് സ്ത്രീകളെക്കാളും നാലിരട്ടി ആണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. മദ്യം ഇതിന് ഒരു കാരണമാകാമെന്ന് കണക്കാക്കപ്പെടുന്നു. വ്യാകുലത, വിഷാദരോഗം എന്നിവയാണ് മറ്റു കാരണങ്ങള്‍.

ആത്മഹത്യയുടെ നിരക്ക് മാത്രമല്ല, അതിനുള്ള സാധ്യതയും സംസ്ഥാനത്ത് കൂടുതലാണ്. ഇതിനു പല കാരണങ്ങള്‍ ഉണ്ടാവാം. മദ്യ ഉപഭോഗം ഒരു കാരണമായി കരുതാവുന്നതാണ്. “കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മത്സരസ്വഭാവം കൂടുതലാണ്, നാഗരികമാണ്, വ്യക്തികളിലുള്ള പ്രതീക്ഷ കൂടുതലാണ്, പ്രവാസികള്‍ ഇവിടെ കൂടുതലാണ്. പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇടയില്‍ ഒറ്റപ്പെടല്‍ അധികമായിട്ടുണ്ട്”- ഡോ. ഷിബുകുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മാനസികാരോഗ്യവും ആത്മഹത്യയും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു. പത്തു വര്‍ഷത്തില്‍ ഏറെയായി സംസ്ഥാനത്തെ ആത്മഹത്യ നിരക്ക് വളരെ ഉയര്‍ന്നു നില്‍ക്കുന്നു. ഗാര്‍ഹിക പീഡനം ആത്മഹത്യകള്‍ക്ക് കരണമാകുന്നുണ്ടോ എന്ന സംശയം ഉദിക്കുന്നുണ്ടെങ്കിലും അത് ഉറപ്പിക്കത്തക്ക വിവരങ്ങളോ കണക്കുകളോ നമ്മുടെ കൈയില്‍ ഇല്ല എന്നാണ് ഡോ. ഷിബുകുമാര്‍ പറയുന്നത്.

പ്രായമായ ഒരു ജനസംഖ്യ, മാനസിക പിരിമുറുക്കം, ഉയര്‍ന്ന വിദേശ കുടിയേറ്റ നിരക്ക്, ദുര്‍ബലമായ സാമൂഹിക ബന്ധങ്ങള്‍, ഉയര്‍ന്ന മദ്യ ഉപയോഗ നിരക്ക് എന്നിവ മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആത്മഹത്യ എല്ലായ്പ്പോഴും മാനസികരോഗങ്ങള്‍ മൂലം ആവണമെന്നില്ല. ജീവത സമ്മര്‍ദ്ദങ്ങള്‍ മൂലം ആവാം. അവ മരുന്നിലുപരി സാമൂഹ്യ ഇടപെടലിലൂടെ പരിഹരിക്കാന്‍ ആവുന്നതാണ്. മാനസികാരോഗ്യരംഗത്തെ ഇടപെടലിലൂടെ ആത്മഹത്യ നിരക്ക് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യത്തെ ആത്മഹത്യനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ഇരട്ടിയാണെന്നു കാണാന്‍ സാധിക്കും.

എന്നാല്‍ കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കിടയില്‍ മാനസികാരോഗ്യത്തെ കുറിച്ചുള്ള ജനങ്ങളുടെ ധാരണ വളരെയധികം കൂടിയിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാനുള്ള ആളുകളുടെ സന്നദ്ധതയും മെച്ചപ്പെട്ടു വരുന്നുണ്ടെന്നാണ് ഡോ. ഷിബുകുമാര്‍ പറയുന്നത്.

ഈ അവസ്ഥയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പല നടപടികളും ഉണ്ടായിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ട്. വിഷാദരോഗം നിവാരണം ചെയ്യാന്‍ വേണ്ടി ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. അധിക ജില്ല ആശുപത്രികളിലും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാണ്. മെഡിക്കല്‍ കോളേജുകളില്‍ സൈക്യാട്രിസ്റ്റുകളുടെ സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. സ്‌കൂള്‍ മെന്റല്‍ ഹെല്‍ത്ത് ഇന്റെര്‍വെന്‍ഷന്‍ പോലെയുള്ള പല പദ്ധതികളുമുണ്ട്.

ചികിത്സ ആവശ്യമുള്ളവരില്‍ എത്ര പേര്‍ക്ക് ചികിത്സ കിട്ടുന്നില്ല എന്നതിനെയാണ് ട്രീറ്റ്മെന്റ് ഗാപ് എന്ന് വിളിക്കുന്നത്. സംസ്ഥാനത്ത് ചികിത്സ ആവശ്യമുള്ളവരില്‍ വലിയ ഒരു ശതമാനത്തിന് ചികിത്സ കിട്ടാത്ത അവസ്ഥയുണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആത്മഹത്യ നിരക്ക് നിയന്ത്രിക്കാന്‍ പര്യാപ്തമായ നടപടികള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് മാനസികാരോഗ്യവിദഗ്ധര്‍ നിലവില്‍ സംസ്ഥാനത്ത് ഇല്ല എന്നതാണ് ഇതിന്റെ ഒരു പ്രധാന കാരണം. പര്യാപ്തമായ എണ്ണത്തിലേക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് ഡോ. ഷിബുകുമാര്‍ അഭിപ്രായപ്പെടുന്നത്.

റെന്‍സ ഇഖ്ബാല്‍

We use cookies to give you the best possible experience. Learn more