| Thursday, 4th May 2017, 3:18 pm

ധോണിയെ പിന്നില്‍ നിന്നും കുത്തി വീണ്ടും പൂനെ ടീമുടമ; ഒളിയമ്പുമായി വീണ്ടും ഹര്‍ഷിന്റെ ട്വീറ്റ്; പ്രതികരിക്കാതെ കൂളായി ക്യാപ്റ്റന്‍ കൂള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സ് വിജയ വഴിയിലെത്തിയെങ്കിലും എം.എസ് ധോണിയും ടീമുടമയും തമ്മിലുള്ള ശീതയുദ്ധം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഉജ്ജ്വലമായ വിജയം നേടിയതിനു ശേഷവും ധോണിയ്‌ക്കെതിരെ ഒളിയമ്പുമായി ടീമുടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്ക രംഗത്തെത്തുകയായിരുന്നു.

11 മത്സരങ്ങളില്‍ പൂനെയുടെ ഏഴാമത്തെ വിജയമായിരുന്നു കൊല്‍ക്കത്തയ്ക്ക് എതിരെ നേടിയത്. 156 റണ്‍സ് പിന്തുടര്‍ന്ന പൂനെ വിജയത്തിലെത്തിച്ചത് 52 പന്തില്‍ നിന്നും 93 റണ്‍സെടുത്ത രാഹുല്‍ തൃപാഠിയുടെ വെടിക്കെട്ട് പ്രകടനമായിരുന്നു. വിജയത്തിനു പിന്നാലെ ടീമിന് പ്രശംസയുമായി ഹര്‍ഷിന്റെ ട്വീറ്റ് എത്തി.

” മഹത്തായ കാര്യം. ഓരോ മത്സരത്തിലും ഓരോ ഹീറോ ജനിക്കുന്നു. ത്രിപാഠി, സ്റ്റോക്ക്‌സ്, സ്മിത്ത്, താഹിര്‍.. ആവശ്യമായ സമയത്ത് ഉയര്‍ന്നു വരുന്നു..” എന്നായിരുന്നു ഹര്‍ഷിന്റെ ട്വീറ്റ്.

352 റണ്‍സുമായി സീസണിലുടനീളം ടീമിന്റെ വിജയ ശില്‍പ്പിയായി തൃപാഠി മാറിയപ്പോള്‍ ഗുജറാത്തിന് എതിരെയുള്ള സെഞ്ച്വറിയോടെ സ്‌റ്റോക്ക്‌സും തന്റെ മൂല്യം വെളിവാക്കി. മുംബൈയ്‌ക്കെതിരെ സ്മിത്തായിരുന്നു ഹീറോ. ടീമിന് ആവശ്യമുള്ളപ്പോഴൊക്കെ വിക്കറ്റെടുത്ത് താഹിറും ടീമിന് നിര്‍ണ്ണായകമായ ബ്രേക്ക് ത്രൂകള്‍ നല്‍കി. റോയല്‍ ചലഞ്ചേഴ്‌സിന് എതിരെയുള്ള വിജയത്തില്‍ താഹിറിന്റെ പ്രകടനമായിരുന്നു നിര്‍ണ്ണായകമായത്.

എന്നാല്‍ സണ്‍ റൈസേഴ്‌സിനെ കെട്ടു കെട്ടിച്ച പ്രകടനം പുറത്തെടുത്ത ധോണിയെ ഹര്‍ഷ് ഗോയങ്ക മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. അവസാന മൂന്ന് ഓവറില്‍ 47 റണ്‍സു വേണ്ടിടത്ത് ധോണിയുടെ പവര്‍ ഹിറ്റിംഗാണ് പൂനെ സഹായിച്ചത്. എന്നിട്ടും ധോണിയെ ഹര്‍ഷ് മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന വിമര്‍ശനം.


Also Read: ഈ മുത്തലാഖ് വ്യത്യസ്തമാണ്; കാരണം ഇവര്‍ ഭര്‍ത്താവിനെയാണ് ‘തലാഖ്’ ചൊല്ലിയിരിക്കുന്നത്


ഹര്‍ഷിന്റെ ധോണി വിരുദ്ധതയ്‌ക്കെതിരെ നേരത്തേയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തന്റെ ട്വീറ്റുകളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും ഹര്‍ഷ് ധോണിയെ അപമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ധോണി ഇതുവരേയും യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

We use cookies to give you the best possible experience. Learn more