പാരിസ്: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചും ഉയര്‍ന്ന വേതനം ആവശ്യപ്പെട്ടും ഫ്രാന്‍സിലുടനീളം തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധസമരങ്ങള്‍ ശക്തി പ്രാപിക്കുന്നു.
മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്തണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച രാജ്യത്തുടനീളം ആയിരക്കണക്കിന് തൊഴിലാളികള്‍ പണിമുടക്കിക്കൊണ്ട് തെരുവിലിറങ്ങി. തൊഴിലാളികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയായിരുന്നു ഇത്.
വിവിധ ഇടതുപക്ഷ പാർട്ടികളുടെയും തൊഴിലാളി യൂണിയനുകളുടെയും നേതൃത്വത്തില്‍ ഗതാഗത മേഖലയിലെ തൊഴിലാളികള്‍, സ്‌കൂള്‍ അധ്യാപകര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരടക്കമുള്ളവര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ഗതാഗതസംവിധാനത്തിലും സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും ഭാഗികമായി തടസം നേരിട്ടു.
വരും ആഴ്ചകളില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ കൂടുതല്‍ പ്രതിഷേധങ്ങളിലേക്കും നടപടികളിലേക്കും കടക്കുമെന്ന് തൊഴിലാളി യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
”ഇവിടെ എന്തെങ്കിലും മാറ്റം കൊണ്ടുവരണമെന്നുണ്ടെങ്കില്‍ ഉപരോധിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്യേണ്ടി വരുന്നത് ലജ്ജാകരമാണ്. പക്ഷെ ഇന്ന് ഞങ്ങള്‍ ഇവിടെ തടഞ്ഞില്ലെങ്കില്‍ ആരും ഞങ്ങളെ ചെവിക്കൊള്ളില്ല എന്ന അവസ്ഥയാണ്,” വടക്കുകിഴക്കന്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളിലൊരാള്‍ പ്രതികരിച്ചു.
രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധ മാര്‍ച്ചുകളില്‍ പാരീസിലെ 13,000 തൊഴിലാളികളുള്‍പ്പെടെ ഒരു ലക്ഷത്തിലധികം (107,000) പേര്‍ പങ്കെടുത്തതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുതലാളിത്ത വിരുദ്ധരായ ‘ബ്ലാക്ക് ബ്ലോക്ക്’ പ്രതിഷേധക്കാരും (‘black bloc’ protesters) തലസ്ഥാനമായ പാരിസില്‍ നടന്ന ഡെമോയില്‍ പങ്കെടുത്തിരുന്നു.
പാരീസില്‍ നിന്ന് 11 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും സമരക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നേരത്തെ രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകളിലെ തൊഴിലാളികള്‍ പ്രതിഷേധസൂചകമായി പണിമുടക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ ക്ഷാമവും നേരിട്ടിരുന്നു.
ഫ്രാന്‍സിലെ നിലവിലെ പണപ്പെരുപ്പ നിരക്ക് 6.2 ശതമാനമാണ്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
Content Highlight: Rising living expenses and inflation spark protest in France, workers demand higher wages