തിരുവനന്തപുരം: കര്‍ണ്ണാടകയുടെ മാതൃക പിന്തുടര്‍ന്ന് ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിച്ച് വില്‍ക്കാന്‍ അനുമതി നല്‍കണമെന്ന് എക്‌സൈസിന്റെ ശുപാര്‍ശ. മൈക്രോ ബ്രൂവറികള്‍ അനുവദിക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സര്‍ക്കാരിന് ഉടന്‍ കൈമാറും. ബെംഗളുരുവില്‍ നിലവില്‍ ഇത്തരം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേരളത്തിലും ഇതിന് മികച്ച സാധ്യതകളാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് ഈ പദ്ധതിയിലൂടെ കഴിയുമെന്നും എന്നാല്‍ ഇതിനോട് അനുബന്ധിച്ച് തന്നെ റിഹാബിറ്റേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ശുപാര്‍ശക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും കെ.സി.ബി.സിയും രംഗത്തെത്തി ജനദ്രോഹപരമായ മദ്യനയമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് കൂടുതല്‍ വിപുലമാക്കാനുള്ള കാര്യങ്ങളാണ് എക്സൈസ് കമ്മീഷണര്‍ ചെയ്യുന്നതെന്നും ഇത് കേരളത്തെ വലിയ ദുരന്തത്തിലാക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ അന്ത്യം മദ്യത്തില്‍ ആയിരിക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read ഞാന്‍ എന്റെ ജോലി തുടരും: പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ല: ദളിത് പൂജാരി യദുകൃഷ്ണന്‍ പറയുന്നു
ഭരണം കൈയിലുണ്ടെന്ന ധൈര്യത്തില്‍ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ് ഈ തീരുമാനമെന്നും ബെംഗളുരുവിലെ ജീവിത സാഹചര്യങ്ങളും കേരളത്തിലേതും വ്യത്യസ്തമാണെന്നും കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു.
ഹോട്ടലില്‍ മദ്യം നിര്‍മിച്ച് നല്‍കുന്നതിനെതിരെ കെ.സി.ബി.സി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സമൂഹത്തെ മദ്യവത്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും കെ.സി.ബി.സി വക്താവ് വര്‍ഗീസ് വള്ളിക്കാട്ട് അരോപിച്ചു.