| Friday, 22nd October 2021, 3:58 pm

ആദ്യത്തെ കൗതുകമൊക്കെ 10 മിനുട്ടില്‍ തീരും; രാവിലെ മുതല്‍ രാത്രി വരെ പണിയാണ്, കഠിനമായ ജോലി; പുതിയ സിനിമയെ കുറിച്ച് ഋഷിരാജ് സിംഗ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയറാമിനെയും മീരാ ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഹസംവിധായകനാവുകയാണ് മുന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്.

പണ്ടുമുതലേ തനിക്ക് സിനിമയോട് താത്പര്യമായിരുന്നുവെന്നും റിട്ടയര്‍മെന്റിന് ശേഷം ആ താത്പര്യം അങ്ങ് നടത്താമെന്ന് കരുതുകയായിരുന്നുവെന്നുമാണ് ഋഷിരാജ് സിംഗ് പറയുന്നത്.

എന്നാല്‍ താന്‍ വിചാരിച്ച പോലെ അത്ര എളുപ്പമല്ല സിനിമ സംവിധാനമെന്നും രാവിലെ മുതല്‍ രാത്രി വരെ കഠിനമായ ജോലി തന്നെയാണെന്നുമാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഋഷിരാജ് സിംഗ് പറയുന്നത്. പൊലീസ് ജോലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സംവിധാനം തന്നെയാണ് ബുദ്ധിമുട്ടേറിയ പണിയെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമ പണ്ടുമുതലേ താത്പര്യമായിരുന്നു. റിട്ടയര്‍മെന്റിന് ശേഷം ആ താത്പര്യം അങ്ങ് നടത്താമെന്ന് കരുതി എന്നേയുള്ളൂ. ശ്രീനിവാസന്‍ സര്‍ ആണ് എന്നെ സത്യന്‍ അന്തിക്കാടിന് അരികിലേക്ക് അയക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കുറച്ച് നാളുകളായി കേരളത്തില്‍ സിനിമാ ചിത്രീകരണങ്ങള്‍ ഒന്നും നടക്കുന്നില്ലായിരുന്നു. ഹൈദരാബാദിലും ഞാന്‍ അന്വേഷിച്ചു. ആകെ രാമോജി റാവു ഫിലിം സിറ്റിയില്‍ മാത്രമേ ചിത്രീകരണം നടക്കുന്നുള്ളൂ. അങ്ങോട്ടുള്ള യാത്രയും താമസവുമെല്ലാം ബുദ്ധിമുട്ടാണ്. അങ്ങനെയാണ് ശ്രീനിവാസന്‍ സാറിനെ കണ്ട് സംസാരിക്കുന്നത്. രണ്ടാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം എന്നെ വിളിച്ച് സത്യന്‍ അന്തിക്കാടിന്റെ സിനിമ തുടങ്ങുന്ന കാര്യം പറഞ്ഞു. എനിക്കിഷ്ടപ്പെട്ട സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. അങ്ങനെയാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്.

വിചാരിച്ച പോലെ എളുപ്പമല്ല സംവിധാനം. ആദ്യത്തെ ആ കൗതുകമൊക്കെ അരമണിക്കൂറിനുള്ളില്‍ മാറും. രാവിലെ മുതല്‍ രാത്രി വരെ പണിയാണ്. കഠിനമായ ജോലി തന്നെയാണ്. പഠിക്കാനുള്ള വിഷയങ്ങളുമുണ്ട്. ഓരോന്ന് കാണുന്നു, പഠിക്കുന്നു, സംശയങ്ങള്‍ ചോദിച്ച് തീര്‍ക്കുന്നു അങ്ങനെയാണ് മുന്നോട്ട് പോവുന്നത്.

പൊലീസ് ജോലിയും ഇതും വച്ച് നോക്കുമ്പോള്‍ സംവിധാനം തന്നെയാണ് കൂടുതല്‍ ബുദ്ധിമുട്ടേറിയത് എന്നാണ് എനിക്ക് തോന്നുന്നത്. അഞ്ച് വര്‍ഷമായി സ്‌ക്രിപ്റ്റ് റൈറ്റിങ്ങ് പഠിക്കുന്നു. ഒരു മുഴുവന്‍ തിരക്കഥ എഴുതിവെച്ചിട്ടുണ്ട്. അത് സിനിമയാക്കാനുള്ള കാര്യങ്ങള്‍ നോക്കണം. സംവിധാനം തന്നെയാണ് ലക്ഷ്യം,’ ഋഷിരാജ് സിംഗ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rishirsj Singh IPS About His New Movie

We use cookies to give you the best possible experience. Learn more