നടി ശ്രീദേവിയുടെത് അപകട മരണമല്ല, കൊലപാതകമാവാനാണ് സാധ്യതയെന്ന് ഡോ. ഉമാദത്തന്‍ പറഞ്ഞിരുന്നതായി ഋഷിരാജ് സിംഗ്
തിരുവനന്തപുരം: ബോളിവുഡ് നടി ശ്രീദേവിയുടെ മരണം അപകട മരണമല്ല കൊലപാതകമാവാനാണ് സാധ്യതയെന്ന് അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉമാദത്തന്‍ തന്നോടു പറഞ്ഞിരുന്നതായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്.
ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം താന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമാവാനാണ് സാധ്യതയെന്ന് ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കുന്നു.
അതിന് കാരണമായി ഉമാദത്തന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും ഋഷിരാജ് സിംഗ് പറയുന്നുണ്ട്. ‘ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നാണ് ഉമാദത്തന്‍ പറഞ്ഞതെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി.
ദുബൈയില്‍ ആഡംബര ഹോട്ടലിലെ ബാത് ടബ്ബില്‍ മരിച്ച നിലയിലാണ് ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. നടന്‍ മോഹിത് മര്‍വയുടെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ ദുബൈയില്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.
ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍ ബാത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.
മരണകാരണം ശ്വാസകോശത്തില്‍ വെള്ളം കയറിയാണെന്നാണ് റിപ്പോര്‍ട്ട്. ബോധരഹിതയായി ബാത് ടബ്ബില്‍ വീണ് മുങ്ങിമരിക്കുകയായിരുന്നുവെന്ന് ദുബൈയ് പൊലീസ് പറഞ്ഞത്.