ഓണ്‍ലൈന്‍ മദ്യവില്‍പ്പന അനുവദിക്കാനാകില്ലെന്ന് ഋഷിരാജ് സിങ്
Daily News
ഓണ്‍ലൈന്‍ മദ്യവില്‍പ്പന അനുവദിക്കാനാകില്ലെന്ന് ഋഷിരാജ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th August 2016, 8:40 pm

കണ്ണൂര്‍: കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ മദ്യവില്‍പന നിയമവിധേയമല്ലെന്നും ഇത് അനുവദിക്കാനാകില്ലെന്നും എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്. ഓണ്‍ലൈന്‍ വില്‍പന നിയമവിധേയമല്ല. കണ്‍സ്യൂമര്‍ഫെഡ് ഇക്കാര്യം എക്‌സൈസ് വകുപ്പുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വില്‍പനയ്ക്കുള്ള ലൈസന്‍സ് ഒരു സ്ഥലത്തെ കേന്ദ്രീകരിച്ചാണ്. ഈ നിബന്ധന ഓണ്‍ലൈന്‍ വില്‍പനയില്‍ സാധ്യമാകില്ലെന്നും ഋഷിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

ഓണം മുതല്‍ ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യം നിഷേധിച്ച് കണ്‍സ്യൂമര്‍ഫെഡ് എം.ഡി രംഗത്തെത്തി. ഫോണ്‍വഴിയും ഇ-മെയില്‍ വഴിയും ബുക്ക് ചെയ്യുന്ന വ്യക്തികള്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ പ്രത്യേക കൗണ്ടര്‍ ക്രമീകരിക്കാന്‍ മാത്രമാണ് തീരുമാനിച്ചിരിക്കുന്നത്.

വീടുകളില്‍ മദ്യമെത്തിച്ചുകൊടുക്കും എന്നല്ല ഇതിനര്‍ഥം. ചെയര്‍മാന്‍ എം. മെഹബൂബിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്നും എം.ഡി വ്യക്തമാക്കി.