തിരുവനന്തപുരം: സംസ്ഥാനത്ത് ആഡംബര ബസുകളിൽ ലഹരി കടത്ത് വ്യാപകമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. ഇത്തരം വാഹനങ്ങൾ പരിശോധിക്കുന്നതിന് തങ്ങൾക്ക് പരിമിതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ബസുകൾ പരിശോധിക്കാനുള്ള പ്രത്യേകസംഘം ഊർജിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കല്ലട ബസിലെ അതിക്രമവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഋഷിരാജ് സിംഗിന്റെ വിശദീകരണം വരുന്നത്.
കല്ലട ട്രാവൽസ് സ്വകാര്യ ബസ് സർവീസിലെ ജീവനക്കാർ യാത്രക്കാരെ വഴിയിലിറക്കി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പട്ട് നിരവധി പരാതികള്‍ ഉയരുന്നതിനിടയില്‍ ബസ്സ് കള്ളക്കടത്ത് നടത്തുന്നതായി സംശയിക്കുന്നുവെന്ന് യാത്രക്കാരനായ ഒരു യുവാവ് സംശയം പ്രകടിപ്പിച്ചിരുന്നു. ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയായ യുവാവാണ് പരാതിയുമായി രംഗത്ത് വന്നത്.
താൻ കല്ലട ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ബസ് ഒരു സ്ഥലത്ത് നിർത്തുകയും ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് വണ്ടി അവിടെ നിന്നും പുറപ്പെട്ടതെന്നും യുവാവ് പറഞ്ഞു. ഇതിനിടെ ഒരു പാക്കറ്റ് ബസ് ജീവനക്കാരൻ അടുത്തുള്ള പാടത്ത് കൊണ്ടിടുകയും ചെയ്തുവെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു.
വലിയ പാക്കറ്റുകള്‍ ഇറക്കുന്നത് താന്‍ കണ്ടതായും യുവാവ് പറയുന്നുണ്ട്. മോശപ്പെട്ട സഹകരണമാണ് ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായതെന്നും യുവാവ് പറഞ്ഞിരുന്നു.