മുംബൈ: 1973ൽ പുറത്തിറങ്ങിയ ബോബി എന്ന ചിത്രത്തിലൂടെ ബോാളിവുഡിന്റെ പ്രിയ നടനായി മാറിയ ഋഷി കപൂർ മറ്റ് ബോളിവുഡ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്തമായി തന്റെ അഭിപ്രായങ്ങൾ വിവാദങ്ങളെ കൂസാതെ തുറന്നു പറയുന്ന ആൾ കൂടിയായിരുന്നു.
ട്വിറ്ററിലൂടെയുള്ള അദ്ദേഹത്തിന്റെ നിരവധി അഭിപ്രായങ്ങൾ വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. നിലപാടുകൾ തുറന്ന് പറയാൻ തനിക്ക് ഒരു മടിയുമില്ലെന്നും അതിനെ ചൊല്ലി ആളുകൾ ട്രോളിയാലുംവിമർശിച്ചാലും ബ്ലോക്ക് ചെയ്താലും അത് തന്നെ ബാധിക്കില്ലെന്നും ഋഷി കപൂർ ട്വിറ്ററിലൂടെ തന്നെ വ്യക്തമാക്കിയിരുന്നു.
ബീഫ് കഴിക്കുന്നതിനെക്കുറിച്ച് രാജ്യത്ത് വലിയ രീതിയിലുള്ള വിവാദങ്ങൾ നടന്നപ്പോൾ ഞാനൊരു ബീഫ് കഴിക്കുന്ന ഹിന്ദുവാണെന്നും അത് ഞാൻ വിശ്വാസിയല്ലെന്ന് അർത്ഥമാക്കുന്നുണ്ടോ? എന്ന് ചോദിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു.
കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഋഷി കപൂർ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ദീപിക പദുക്കോണിനൊപ്പം ഹോളിവുഡ് ചിത്രമായ ‘ദി ഇന്റേണ്‍’ ന്റെ റീമേക്കയിരുന്നു അദ്ദേഹത്തിന്റെ അടുത്ത പ്രോജക്റ്റ്.