അധികാരത്തില്‍ തുടരുകയാണെങ്കില്‍ ബ്രിട്ടനില്‍ നിര്‍ബന്ധിത സൈനിക സേവനം പുനരാരംഭിക്കുമെന്ന് ഋഷി സുനക്
World News
അധികാരത്തില്‍ തുടരുകയാണെങ്കില്‍ ബ്രിട്ടനില്‍ നിര്‍ബന്ധിത സൈനിക സേവനം പുനരാരംഭിക്കുമെന്ന് ഋഷി സുനക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2024, 3:26 pm

ലണ്ടന്‍: ബ്രിട്ടനില്‍ നിര്‍ബന്ധിത സൈനിക സേവനം പുനരാരംഭിക്കുമെന്ന് യു.കെ പ്രധാനമന്ത്രി ഋഷി സുനക്. പൊതുതെരഞ്ഞെടുപ്പിന് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ തുടരുകയാണെങ്കില്‍ നിര്‍ബന്ധിത സൈനിക സേവനത്തിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഋഷി സുനക് പറഞ്ഞു. ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുനകിന്റെ പ്രഖ്യാപനം.

നിര്‍ബന്ധിത സൈനിക സേവനം യുവാക്കളില്‍ ദേശീയ താത്പര്യം വര്‍ധിപ്പിക്കുമെന്നും രാജ്യത്ത് തൊഴിലവസരങ്ങള്‍ ഉയര്‍ത്തുമെന്നും ഋഷി സുനക് പറഞ്ഞതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടന്‍ ഒരു മഹത്തായ രാഷ്ട്രമാണ്. എന്നാല്‍ പുതിയ തലമുറയ്ക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിക്കുന്നില്ല. അനിശ്ചിതത്വം നേരിടുമ്പോള്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും ശക്തികളും നമ്മളോടൊപ്പം സഞ്ചരിക്കുന്നുണ്ടെന്നും സുനക് ചൂണ്ടിക്കാട്ടി.

സുനകിന്റെ പുതിയ സൈനിക പദ്ധതിക്ക് പ്രതിവര്‍ഷത്തില്‍ ഏകദേശം 3.19 ബില്യണ്‍ ഡോളറാണ് ചെലവ് വരുന്നത്. ഇതുപ്രകാരം രാജ്യത്തെ 18 വയസുള്ള എല്ലാ കുട്ടികളും ഒന്നുകില്‍ മുഴുവന്‍ സമയവും സൈന്യത്തില്‍ ചേരുകയോ അല്ലെങ്കില്‍ പ്രതിമാസം ഒരു വാരാന്ത്യത്തില്‍ സന്നദ്ധസേവനം നടത്തുകയോ ചെയ്യേണ്ടതുണ്ട്. പൊലീസ്, ദേശീയ ആരോഗ്യ സേവനം എന്നീ മേഖലകളിലാണ് ഇവര്‍ സേവനം നടത്തേണ്ടത്.

യുവജനങ്ങള്‍ക്കിടയില്‍ ലക്ഷ്യബോധവും ആത്മാഭിമാനവും സൃഷ്ടിക്കുന്നതിനായി ദേശീയ സേവനത്തിന്റെ ഒരു പുതിയ മാതൃക നടപ്പിലാക്കുമെന്നും സുനക് പറഞ്ഞു. ഈ നീക്കം യുവാക്കളുടെ ജീവിതം മാറ്റിമറിക്കുമെന്നും സുനക് കൂട്ടിച്ചേര്‍ത്തു.

രഹസ്യമായി തയ്യാറാക്കിയ 40 പേജുള്ള പദ്ധതി റിപ്പോര്‍ട്ടില്‍, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് ചെറുക്കാന്‍ സായുധ സേനയെ വിപുലീകരിക്കേണ്ടതുണ്ടെന്ന് പറയുന്നു. സൈനിക പദ്ധതി വിപുലീകരിക്കുന്നതിന് റോയല്‍ കമ്മീഷന്‍ സ്ഥാപിക്കുമെന്ന് യു.കെ. സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം കണ്‍സര്‍വേറ്റീവുകള്‍ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ തകര്‍ത്തെന്നും സൈനികരുടെ എണ്ണം വെട്ടിക്കുറച്ചെന്നും ആരോപണമുയര്‍ത്തുന്ന പ്രതിപക്ഷം സുനകിന്റെ പുതിയ പദ്ധതിയെ അപലപിക്കുകയുണ്ടായി.

Content Highlight: Rishi Sunak will resume conscription in Britain if he remains in power