ലണ്ടന്‍: ഇസ്രഈല്‍ – ഫലസ്തീന്‍ യുദ്ധവുമായി ബന്ധപ്പെട്ട ലണ്ടന്‍ റാലികളിലെ ജിഹാദ് മുദ്രവാക്യങ്ങള്‍ക്കെതിരെ മുന്നിയിപ്പുമായി ഋഷി സുനക്. രാജ്യത്ത് യഹൂദവിരുദ്ധത അനുവദിക്കില്ലെന്നും തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു.
‘ജിഹാദിനായുള്ള ആഹ്വാനങ്ങള്‍ ജൂത സമൂഹത്തിന് മാത്രമല്ല ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭീഷണിയാണ്,’ ഋഷി സുനക് പറഞ്ഞു.
ശനിയാഴ്ച ലണ്ടനില്‍ ഒരു ലക്ഷത്തോളം ആളുകള്‍ അണിനിരന്ന ഫലസ്തീന്‍ അനുകൂല റാലിയില്‍ ജിഹാദ് മുദ്രാവാക്യങ്ങള്‍ വിളിച്ചെന്ന ആരോപണമുയര്‍ന്നിരുന്നു.
‘ഈ ആഴ്ച നമ്മുടെ തെരുവുകളില്‍ നാം വിദ്വേഷം കണ്ടു. ജിഹാദ് മുദ്രവാക്യങ്ങള്‍ ജൂതന്‍മാര്‍ക്ക് മാത്രമല്ല ജനാധിപത്യ മൂല്യങ്ങള്‍ക്കുമെതിരാണ്. രാജ്യത്ത് യഹൂദവിരുദ്ധത ഞങ്ങള്‍ അനുവദിക്കില്ല. തീവ്രവാദത്തെ തടയാനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഋഷി സുനക് എക്‌സില്‍ കുറിച്ചു.
പ്രതിഷേധക്കാര്‍ വിദ്വേഷ തീവ്രവാദം ആവര്‍ത്തിച്ചാല്‍ ശക്തമായ നിയമ നടപടികള്‍ അവര്‍ അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഫലസ്തീന്‍ അനുകൂല റാലിയില്‍ ജിഹാദ് മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്യാത്തതിന് വകുപ്പ് തല ഉദ്യോഗസ്ഥരെ മെട്രോപൊളിറ്റന്‍ പൊലീസ് ചീഫ് സര്‍ മാര്‍ക്ക് റാലി വിമര്‍ശിച്ചു.
content highlight : Rishi sunak warned call for jihad on London street