| Tuesday, 25th October 2022, 6:33 pm

എട്ട് വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള അതിസമ്പന്നനായ പ്രധാനമന്ത്രി; ബ്രിട്ടന്റെ തലപ്പത്തെത്തുന്ന റിഷി സുനക്...

നീതു രമമോഹന്‍

കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജി വെച്ചത് മുതല്‍ ബ്രിട്ടനില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് റിഷി സുനക്. ഇന്ത്യന്‍ വേരുകളുള്ള ബ്രിട്ടീഷ് പൊളിറ്റീഷ്യന്‍ എന്ന നരേഷനിലാണ് റിഷി സുനക് ഇവിടെ കൂടുതല്‍ വാര്‍ത്തയാകാന്‍ തുടങ്ങിയത്.

1980 മേയ് 12ന് ബ്രിട്ടനിലെ സൗതാംപ്ടണിലാണ് റിഷി സുനക് ജനിച്ചത്. ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍മാര്‍ ജനിച്ചത് ബ്രിട്ടീഷ് ഭരണകാലത്തെ പഞ്ചാബ് പ്രവിശ്യയിലാണ് (ഇപ്പോള്‍ ആ ഭാഗം പാകിസ്ഥാനിലെ ഗുജ്‌റന്‍വാലയിലാണ്). പഞ്ചാബില്‍ നിന്നും ആദ്യം കിഴക്കന്‍ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടനിലേക്കും കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറയാണ് സുനക്. 1960കളിലാണ് ഇവര്‍ ബ്രിട്ടനിലെത്തുന്നത്.

റിഷി സുനകിന്റെ അച്ഛന്‍ യഷ്‌വിര്‍ സുനക് കെനിയയിലും അമ്മ ഉഷ ഇന്നത്തെ ടാന്‍സാനിയയുടെ ഭാഗമായ ടാന്‍ഗാന്‍യികയിലുമാണ് ജനിച്ചത്. ഇവര്‍ പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറി ബ്രിട്ടീഷ് പൗരത്വം നേടുകയായിരുന്നു.

വിന്‍ചെസ്റ്റര്‍ കോളേജ്, ഓക്‌സ്‌ഫോര്‍ഡ് ലിങ്കണ്‍ കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച റിഷി സുനക് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എയും പൂര്‍ത്തിയാക്കി. ധനകാര്യ മേഖലയിലായിരുന്നു റിഷി സുനക് പ്രവര്‍ത്തിച്ചിരുന്നത്.

ബാങ്കിങ് മേഖലയില്‍ അനലിസ്റ്റായും ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മാനേജരായുമൊക്കെ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ‘ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇതാ ഇന്ത്യക്കാരന്‍, ചരിത്രത്തിലാദ്യമായി ഒരു ഏഷ്യാക്കാരന്‍’ എത്തിയിരിക്കുന്നു എന്ന തരത്തിലൊക്കെ വിവിധ ഹിന്ദുത്വ- സംഘ് പ്രൊഫൈലുകള്‍ റിഷി സുനകിനെ ആഘോഷമാക്കുന്നുണ്ട്. അച്ഛന്‍ കെനിയയില്‍ നിന്നും അമ്മ ടാന്‍സാനിയയില്‍ നിന്നുമുള്ള റിഷി സുനകിനെ ഇന്ത്യക്കാരനായും ബ്രിട്ടീഷ് കൊളോണിയലിസത്തിന് പകരം വീട്ടിയവനായുമൊക്കെ ചിത്രീകരിക്കുന്നത് മറ്റ് ഉദ്ദേശലക്ഷ്യങ്ങള്‍ വെച്ച് തന്നെയാണ്.

ഇന്ത്യയുടെ മരുമകന്‍ എന്നൊരു ടാഗിലും നേരത്തെ തന്നെ റിഷി സുനക് സെലിബ്രേറ്റ് ചെയ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മകളും ഫാഷന്‍ ഡിസൈനറുമായ അക്ഷത മൂര്‍ത്തിയെയാണ് റിഷി സുനക് വിവാഹം ചെയ്തിരിക്കുന്നത്. 2009ലായിരുന്നു ഇരുവരുടെയും വിവാഹം.

ഇന്‍ഫോസിസിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ഒരാളാണ് അക്ഷത മൂര്‍ത്തി. ഇക്കഴിഞ്ഞ സെപ്റ്റംബറിലെ കണക്ക് പ്രകാരം 0.93 ശതമാനം ഓഹരിയാണ്, അതായത് 3.89 കോടി ഓഹരിയാണ് അക്ഷതയുടെ പേരിലുള്ളത്. ട്രേഡിങ് പ്രസ് അടിസ്ഥാനമാക്കി ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 5956 കോടി രൂപ വിലമതിക്കുന്ന ഓഹരിയാണിത്. മാത്രമല്ല, 2022ല്‍ ഇന്‍ഫോസിസില്‍ നിന്ന് അക്ഷത 126.6 കോടി രൂപ ലാഭവിഹിതം നേടിയതായും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബ്രിട്ടനിലെ അതിസമ്പന്ന വനിതകളിലൊരാളാണ് അക്ഷത മൂര്‍ത്തി.

2013 മുതല്‍ 2015 വരെ നാരായണമൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് ഫേമായ കാറ്റമറന്‍ വെന്‍ച്വേഴ്‌സിന്റെ (Catamaran Ventures) ഡയറക്ടറായിരുന്നു റിഷി സുനക്.

ബ്രിട്ടനിലെ അതിസമ്പന്ന രാഷ്ട്രീയക്കാരില്‍ മുന്‍നിരയിലാണ് റിഷി സുനക്കിന്റെയും സ്ഥാനം. റിഷി സുനകിനും ഭാര്യ അക്ഷത മൂര്‍ത്തിക്കും 730 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന കമ്പൈന്‍ഡ് സ്വത്താണുള്ളത്. അതായത് 6856 കോടിയിലധികം ഇന്ത്യന്‍ രൂപ.

ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ ധനികരുടെ പട്ടിക സണ്‍ഡേ ടൈംസ് പുറത്തുവിട്ടപ്പോേള്‍ അതില്‍ 222-ാം സ്ഥാനത്തായിരുന്നു സുനക്.

അതേസമയം ബോറിസ് ജോണ്‍സണ്‍ രാജിവെച്ച സമയത്ത് അധികാരത്തിലെത്താന്‍ റിഷി സുനക്കിന് തടസമായി വന്ന കാര്യങ്ങളിലൊന്നും ഇതേ സമ്പത്ത് തന്നെയായിരുന്നു എന്നാണ് അന്ന് വന്ന ചില റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ശതകോടീശ്വരനായ റിഷി സുനകിന് ബ്രിട്ടനിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങളെ, പ്രത്യേകിച്ചും സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനോ പരിഹരിക്കാനോ കഴിയില്ലെന്നതായിരുന്നു എതിര്‍ചേരി നടത്തിയ ക്യാമ്പെയിനില്‍ ഉയര്‍ന്നുവന്ന ഒരു കാര്യം. ഒരിക്കലും സാധാരണക്കാരുടെ നേതാവാകാന്‍ റിഷി സുനകിന് സാധിക്കില്ല എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

ഇതിന് പുറമെ, ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിനെ ‘ചതിച്ചുകൊണ്ട്’ രാജിവെച്ച ധനമന്ത്രി, പൂര്‍വികര്‍ പ്യുര്‍ ബ്രിട്ടീഷേഴ്‌സ് അല്ലാത്ത വ്യക്തി എന്നീ കാര്യങ്ങളൊക്കെ അന്ന് ലിസ് ട്രസുമായുള്ള മത്സരത്തില്‍ റിഷി സുനകിനെ നെഗറ്റീവായി ബാധിച്ചിരുന്നു.

എന്നാലിപ്പോള്‍, എതിരാളികളില്ലാത്ത വിധമാണ് റിഷി ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

റിഷി സുനക്കിന്റെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയം പരിശോധിക്കുകയാണെങ്കില്‍, വെറും എട്ട് വര്‍ഷം മുമ്പ്, 2014ല്‍ മാത്രമാണ് സുനക് ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് കടന്നത്. ബ്രിട്ടനിലെ നോര്‍ത്ത് യോര്‍ക്ഷയറിലെ മണ്ഡലമായ റിച്ച്‌മോണ്ട് യോര്‍ക്‌സില്‍ (Richmond (Yorks) നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു തുടക്കം.

2015ല്‍ ഇതേ മണ്ഡലത്തില്‍ നിന്നും ബ്രീട്ടീഷ് പാര്‍ലമെന്റംഗമായ റിഷി സുനക് എട്ട് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ പാര്‍ലമെന്റംഗം, ട്രഷറി ചീഫ് സെക്രട്ടറി, ധനമന്ത്രി എന്നീ സ്ഥാനങ്ങളിലിരുന്ന ശേഷമാണ് ഇപ്പോള്‍ പ്രധാനമന്ത്രി പദത്തിലെത്തിയിരിക്കുന്നത്.

ബ്രെക്‌സിറ്റ് വിഷയത്തില്‍ യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ തുടക്കത്തില്‍ സുനക് പിന്തുണക്കുകയും ചെയ്തിരുന്നു.

തേരേസ മേയ് മന്ത്രിസഭയില്‍ അംഗമായിരുന്ന റിഷി സുനക് 2019ല്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ ട്രഷറി ചീഫ് സെക്രട്ടറിയായി. 2020ല്‍ ചാന്‍സലറായും സ്ഥാനക്കയറ്റം ലഭിച്ചു.

2022 ജൂലൈ അഞ്ചിനാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന് വമ്പന്‍ തിരിച്ചടി നല്‍കിക്കൊണ്ട് സുനക് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും രാജിവെച്ചത്. ലൈംഗികാരോപണം നേരിട്ട എം.പിക്ക് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ പ്രൊമോഷന്‍ നല്‍കിയത് വിവാദമായതോടെയായിരുന്നു രാജി.

റിഷി സുനകിന് പിന്നാലെ ജനപ്രതിനിധികള്‍ തുടര്‍ച്ചയായി രാജി വെച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ വിവാദത്തിലേക്ക് വീണു. നില്‍ക്കക്കള്ളിയില്ലാതെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദമൊഴിഞ്ഞതും പിന്നീട് ലിസ് ട്രസ് വന്ന്, ഇപ്പോള്‍ റിഷി സുനകില്‍ വരെയെത്തി നില്‍ക്കുന്ന കാര്യങ്ങളുമാണ് കഴിഞ്ഞ ഒരു മൂന്നുനാല് മാസത്തിനുള്ളില്‍ ബ്രിട്ടന്റെ രാഷ്ട്രീയരംഗത്ത് നടന്നത്.

ബോറിസ് ജോണ്‍സണ് പകരക്കാരനാകാനുള്ള മത്സരത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാര്‍ക്കിടയില്‍ നടത്തിയ ആദ്യത്തെ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും റിഷി സുനക്കായിരുന്നു ലിസ് ട്രസിനേക്കാള്‍ മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ പിന്നീട് സ്വന്തം പാര്‍ട്ടിയിലെ കാബിനറ്റ് മന്ത്രിമാരുടെയടക്കം പിന്തുണ റിഷി സുനകിന് നഷ്ടപ്പെടുകയായിരുന്നു.

എന്നാല്‍ ലിസ് ട്രസ് രാജി വെച്ചതോടെ റിഷി സുനകിന്റെ പേര് വീണ്ടും മുഖ്യധാരയിലേക്ക് ഉയര്‍ന്നുകേട്ടു. റിഷി സുനകും ബോറിസ് ജോണ്‍സണും പെന്നി മോര്‍ഡൗണ്ടുമായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ ഇനിയുമൊരങ്കത്തിന് ബാല്യമില്ലാത്ത വിധം ബോറിസ് ജോണ്‍സണ്‍ മത്സരത്തില്‍ നിന്ന് സ്വയം പിന്മാറി. പിന്നീട് പെന്നി മോര്‍ഡൗണ്ടും സമാനമായ രീതിയില്‍ പിന്മാറിയതോടെയാണ് സുനകിന് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വഴി തെളിഞ്ഞത്.

ലിസ് ട്രസ് രാജി വെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 155ലധികം എം.പിമാരുടെ പിന്തുണ സുനകിനുണ്ടായിരുന്നു. ബോറിസ് ജോണ്‍സണ് 57 എം.പിമാരുടെയും പെന്നി മോര്‍ഡൗണ്ടിന് 25 എം.പിമാരുടെയും പിന്തുണ മാത്രമാണുണ്ടായിരുന്നത്.

ഇപ്പോള്‍, 42ാം വയസില്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന റിഷി സുനക് 200 വര്‍ഷത്തിനിടെ രാജ്യത്ത് അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ്.

ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെ കണ്ട ശേഷം റിഷി സുനക് ഔദ്യോഗികമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റിരിക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുന്നതിനിടെയുള്ള ഈ സ്ഥാനാരോഹണം ബ്രിട്ടനിലെ ജനങ്ങളും രാഷ്ട്രീയരംഗവും ഒരുപോലെ ഉറ്റുനോക്കുന്ന ഒന്നാണ്.

Content Highlight: Rishi Sunak to be sworn in as the new prime minister of Britain

നീതു രമമോഹന്‍

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more