റുവാണ്ട കുടിയേറ്റ പദ്ധതി സുപ്രീംകോടതി തള്ളി; അടിയന്തര നിയമം പാസാക്കുമെന്ന് ഋഷി സുനക്
World News
റുവാണ്ട കുടിയേറ്റ പദ്ധതി സുപ്രീംകോടതി തള്ളി; അടിയന്തര നിയമം പാസാക്കുമെന്ന് ഋഷി സുനക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th November 2023, 8:40 am

ലണ്ടന്‍: റുവാണ്ട കുടിയേറ്റ പദ്ധതി നിയമവിരുദ്ധമാണെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ അടിയന്തര നിയമം പാസാക്കുമെന്ന് യു.കെ പ്രധാനമന്ത്രി ഋഷി സുനക്ക്. ബ്രിട്ടനില്‍ എത്തിയ അഭയാര്‍ത്ഥികളെ നടപടികള്‍ പൂര്‍ത്തിയാകും വരെ റുവാണ്ടയില്‍ പാര്‍പ്പിക്കുന്ന ഋഷി സുനക് സര്‍ക്കാര്‍ പദ്ധതിയാണ് ബ്രിട്ടീഷ് സുപ്രീംകോടതി തള്ളിയത്.

നീക്കം നിയമവിരുദ്ധമാണെന്നും റുവാണ്ട സുരക്ഷിതമായ ഒരു മൂന്നാം രാജ്യമായി കണക്കാക്കാനാകില്ലെന്നും കോടതി വിധിച്ചു. അഭയാര്‍ത്ഥികളെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെ പ്രത്യേക കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കല്‍ ആണ് പദ്ധതി. എന്നാല്‍ അഭയാര്‍ത്ഥികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് കേസ് വാദം കേട്ട അഞ്ചു ജഡ്ജിമാരും അഭിപ്രായപ്പെട്ടതായി കോടതി പ്രസിഡന്റ് റോബര്‍ട്ട് റീഡ് പറഞ്ഞു.

റുവാണ്ടയുമായി ഒരു പുതിയ ഉടമ്പടിയില്‍ താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രത്തെ കുടിയേറ്റക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലമായി പ്രഖ്യാപിക്കാന്‍ അടിയന്തര നിയമം കൊണ്ടുവരുമെന്നും സുനക് പറഞ്ഞു.

പദ്ധതിപ്രകാരം ചെറിയ ബോട്ടുകളില്‍ യൂറോപ്പില്‍ നിന്ന് അതിര്‍ത്തി കടക്കുന്ന വലിയൊരു വിഭാഗം കുടിയേറ്റക്കാരെ തടയുന്നതിനായി അനുമതിയില്ലാതെ തങ്ങളുടെ തീരത്ത് എത്തിയ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് അയക്കാന്‍ ബ്രിട്ടന്‍ ഉദ്ദേശിച്ചിരുന്നു.
എന്നാല്‍ റുവാണ്ടയെ സുരക്ഷിതമായ മൂന്നാം രാജ്യമായി കണക്കാക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി ബുധനാഴ്ച വിധിച്ചു.

കുടിയേറ്റവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഉള്‍പ്പെടെ, പാര്‍ട്ടിയുടെ വലതുപക്ഷ നേതാവായ ആഭ്യന്തരമന്ത്രി സുല്ല ബ്രാവര്‍മാനെ സുനക് തിങ്കളാഴ്ച പുറത്താക്കിയതിനു ശേഷം ഈ വിധിക്ക് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Rishi sunak  statement on british supreme court verdict