| Tuesday, 6th September 2022, 8:07 am

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എല്ലാവരും ഒരു കുടുംബം പോലെ; ലിസ് ട്രസിന് പിന്നില്‍ അണിനിരക്കും; പരാജയത്തിന് പിന്നാലെ റിഷി സുനക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി റിഷി സുനക്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനകും ലിസ് ട്രസുമായിരുന്നു അവസാന ഘട്ടത്തില്‍ പരസ്പരം മത്സരിച്ചിരുന്നത്.

തനിക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്നും പ്രയാസകരമായ ഈ സമയത്ത് ലിസ് ട്രസ് ബ്രിട്ടനെ നയിക്കുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നുമാണ് റിഷി സുനക് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

”ഈ ക്യാമ്പെയിനില്‍ എനിക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എല്ലാവരും ഒരു കുടുംബമാണെന്ന് ഞാന്‍ എപ്പോഴും പറയാറുള്ളതാണ്.

പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് പ്രയാസകരമായ സമയങ്ങളില്‍ രാജ്യത്തെ നയിക്കുമ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് പിന്നില്‍ ഒന്നിച്ച് അണിനിരക്കുന്നു എന്നത് ശരിയായ കാര്യമാണ്,” റിഷി സുനക് ട്വീറ്റ് ചെയ്തു.

ബ്രിട്ടന്‍ ഇപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും വിലക്കയറ്റത്തിലൂടെയുമാണ് കടന്നുപോകുന്നത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലടക്കം നിരവധി മേഖലകളില്‍ വ്യാപകമായി തൊഴിലാളി സമരങ്ങളും നടക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ സാമ്പത്തിക ഭദ്രതയോടെ ബ്രിട്ടനെ മുന്നോട്ട് നയിക്കുക എന്നത് പുതിയ പ്രധാനമന്ത്രിയായ ലിസ് ട്രസിന് ഒരു വെല്ലുവിളി തന്നെയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തതായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പാര്‍ട്ടിക്കുള്ളില്‍ നടന്ന വോട്ടെടുപ്പില്‍ ലിസിന് 81326 വോട്ടും റിഷി സുനകിന് 60399 വോട്ടുമായിരുന്നു ലഭിച്ചത്.

ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറി കൂടിയായ ലിസ് ട്രസിന് തന്നെയായിരുന്നു ബ്രിട്ടന്റെ മുന്‍ സാമ്പത്തിക കാര്യ മന്ത്രിയായ റിഷി സുനകിനേക്കാള്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത കല്‍പിച്ചിരുന്നത്.

തെരേസ മേക്കും മാര്‍ഗരറ്റ് താച്ചര്‍ക്കും ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന മൂന്നാമത്തെ വനിത കൂടിയാണ് ലിസ് ട്രസ്. തന്റെ 25ാം വയസിലാണ് ലിസ് ട്രസ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.

പിന്നീട് 2009ലാണ് സൗത്ത് വെസ്റ്റ് നോര്‍ഫോക്കില്‍ നിന്ന് ലിസ് ട്രസ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. 2012ല്‍ വിദ്യാഭ്യാസ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി, 2014ല്‍ പരിസ്ഥിതി വകുപ്പ് സെക്രട്ടറി, 2016ല്‍ ജസ്റ്റിസ് സെക്രട്ടറി, 2017ല്‍ ചീഫ് സെക്രട്ടറി ടു ദ ട്രഷറി, 2019ല്‍ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാര്‍ക്കിടയില്‍ നടത്തിയ ആദ്യത്തെ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും റിഷി സുനക്കായിരുന്നു മുന്നിട്ട് നിന്നിരുന്നത്.

എന്നാല്‍ പിന്നീട് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള കാബിനറ്റ് മന്ത്രിമാരില്‍ നിന്നടക്കമുള്ള പിന്തുണ റിഷി സുനകിന് നഷ്ടപ്പെടുകയായിരുന്നു.

Content Highlight: Rishi Sunak response after Liz Truss elected as Britain’s new prime minister

We use cookies to give you the best possible experience. Learn more