ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി റിഷി സുനക്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനകും ലിസ് ട്രസുമായിരുന്നു അവസാന ഘട്ടത്തില്‍ പരസ്പരം മത്സരിച്ചിരുന്നത്.
തനിക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്നും പ്രയാസകരമായ ഈ സമയത്ത് ലിസ് ട്രസ് ബ്രിട്ടനെ നയിക്കുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നുമാണ് റിഷി സുനക് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
”ഈ ക്യാമ്പെയിനില്‍ എനിക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എല്ലാവരും ഒരു കുടുംബമാണെന്ന് ഞാന്‍ എപ്പോഴും പറയാറുള്ളതാണ്.
പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് പ്രയാസകരമായ സമയങ്ങളില്‍ രാജ്യത്തെ നയിക്കുമ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് പിന്നില്‍ ഒന്നിച്ച് അണിനിരക്കുന്നു എന്നത് ശരിയായ കാര്യമാണ്,” റിഷി സുനക് ട്വീറ്റ് ചെയ്തു.
Thank you to everyone who voted for me in this campaign.
I’ve said throughout that the Conservatives are one family.
It’s right we now unite behind the new PM, Liz Truss, as she steers the country through difficult times.
— Rishi Sunak (@RishiSunak) September 5, 2022
ബ്രിട്ടന്‍ ഇപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും വിലക്കയറ്റത്തിലൂടെയുമാണ് കടന്നുപോകുന്നത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലടക്കം നിരവധി മേഖലകളില്‍ വ്യാപകമായി തൊഴിലാളി സമരങ്ങളും നടക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ സാമ്പത്തിക ഭദ്രതയോടെ ബ്രിട്ടനെ മുന്നോട്ട് നയിക്കുക എന്നത് പുതിയ പ്രധാനമന്ത്രിയായ ലിസ് ട്രസിന് ഒരു വെല്ലുവിളി തന്നെയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.