'ആളുകൾക്ക് അവർ ഉദ്ദേശിക്കുന്ന ലിംഗമാവാൻ സാധിക്കില്ല'; വിവാദ പരാമർശവുമായി ഋഷി സുനക്
വാഷിങ്ടൺ: ആളുകൾക്ക് അവർ ഉദ്ദേശിക്കുന്ന ഏത് ലിംഗവും ആകാൻ സാധിക്കില്ലെന്നും പുരുഷൻ പുരുഷനും സ്ത്രീ സ്ത്രീയുമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കൺസർവേറ്റീവ് പാർട്ടിയുടെ സമ്മേളനത്തായിരുന്നു ജൻഡർ വിഷയത്തിൽ ഋഷി സുനകിന്റെ വിവാദ പരാമർശം.
‘ആളുകൾക്ക് അവർ ഉദ്ദേശിക്കുന്ന ഏത് ലിംഗവും ആകാൻ സാധിക്കുമെന്ന് വിശ്വസിക്കുവാൻ നിർബന്ധിതരാകരുത്, കാരണം അതിന് അവർക്ക് സാധിക്കില്ല. ഒരു പുരുഷൻ പുരുഷനും ഒരു സ്ത്രീ സ്ത്രീയുമാണ്. അത് കോമൺ സെൻസാണ്.
നമ്മൾ ഈ രാജ്യത്തെ മാറ്റിയെടുക്കാൻ പോകുകയാണ്. ജീവിതമെന്നാൽ ജീവിതമാണ്, അത് വിവാദപരമായ ഒരു ഇടമാകരുത്. കഠിനാധ്വാനം ചെയ്യുന്ന ബഹുഭൂരിപക്ഷം അതിനോട് യോജിക്കും. സ്കൂളുകളിൽ തങ്ങളുടെ മക്കൾ റിലേഷൻഷിപ്പുകളെ കുറിച്ച് എന്താണ് പഠിക്കുന്നത് എന്ന് രക്ഷിതാക്കൾ അറിയുന്നതിനെ വിവാദമാക്കേണ്ടതില്ല. സ്ത്രീകളെ കുറിച്ചും പുരുഷന്മാരെ കുറിച്ചും ആശുപത്രികൾ സംസാരിക്കുന്നത് രോഗികളും അറിഞ്ഞിരിക്കണം,’ ഋഷി സുനക് പറഞ്ഞു.
ഋഷി സുനകിന്റെ ട്രാൻസ്ജൻഡർ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്ത് വന്നു. ഋഷി സുനക് ട്രാൻസ്ജൻഡർ സമൂഹത്തെ അപമാനിച്ചുവെന്നും അദ്ദേഹത്തിന്റെ പരാമർശം കോമൺ സെൻസിന്റെ ഭാഗമല്ല എന്നും ആളുകൾ പ്രതികരിച്ചു.
ഋഷി സുനകിന് ലിംഗവും ജൻഡറും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയില്ലെന്നും കൺസർവേറ്റീവ് പാർട്ടി ഓരോ ദിവസവും കൂടുതൽ ഭീതിജനകമാകുകയാണെന്നും സമൂഹ മാധ്യമങ്ങളിൽ ആളുകൾ പ്രതികരിച്ചു.
ട്രാൻസ്ജൻഡർ സ്ത്രീകളെ ആശുപത്രികളിൽ സ്ത്രീകളുടെ വാർഡുകളിൽ ചികിത്സിക്കുന്നത് വിലക്കുന്നതിനുള്ള പദ്ധതി ഒക്ടോബർ 3ന് ബ്രിട്ടൻ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പ്രൊപോസ് ചെയ്തിരുന്നു. ഈ പ്രൊപോസൽ പാർട്ടിയിലെ എം.പിമാർക്കിടയിൽ തന്നെ എതിർപ്പുയർത്തിയിരുന്നു.
സ്ത്രീകൾക്ക് പീനിസ് ഉണ്ടാകില്ല എന്ന പരാമർശത്തിലൂടെ മുമ്പും സുനക് വിവാദം സൃഷ്ടിച്ചിരുന്നു.
Content Highlight: Rishi Sunak makes a controversial remark on transgenders