| Sunday, 29th January 2023, 4:27 pm

നികുതി വെട്ടിപ്പ്; കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാനെ റിഷി സുനക് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ നാദിം സഹവിയെ (Nadhim Zahawi) ബ്രീട്ടീഷ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. നികുതി കാര്യങ്ങളിലെ മന്ത്രിതല ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി റിഷി സുനക് സഹവിയെ പുറത്താക്കിയത്.

ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിലെ ധനമന്ത്രി കൂടിയായിരുന്ന സഹവി എച്ച്.എം.ആര്‍.സി (HM Revenue & Customs) ചാന്‍സലറായിരിക്കെ നികുതി വെട്ടിപ്പിന്റെ പേരില്‍ പിഴ അടച്ചതിനെത്തുടര്‍ന്ന് റിഷി സുനക് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

‘സ്വതന്ത്ര ഉപദേഷ്ടാവിന്റെ അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപ്പോര്‍ട്ട് അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു. അതില്‍ മന്ത്രിതല ചട്ടത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായി. അതിന്റെ അടിസ്ഥാനത്തില്‍ ഹിസ് മജസ്റ്റിയുടെ സര്‍ക്കാരിലെ സ്ഥാനത്ത് നിന്നും നിങ്ങളെ നീക്കം ചെയ്യുന്നു,’ റിഷി സുനക് നദീം സഹവിക്ക് അയച്ച കത്തില്‍ പറയുന്നു.

ഗവണ്‍മെന്റിന്റെ ഭാഗമായുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിങ്ങളുടെ വിപുലമായ പ്രവര്‍ത്തനങ്ങളിലും നേട്ടങ്ങളിലും അഭിമാനമുണ്ടെന്നും റിഷ് സുനക് സഹവിക്കയച്ച് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കൊവിഡ് കാലത്തെ വാക്‌സിന്‍ മേല്‍നേട്ടം വഹിക്കുന്നതില്‍ സഹവിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ച റിഷി സുനക്, രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ നിരവധി ജീവനുകള്‍ രക്ഷിക്കുന്നതിന് സഹവിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായെന്നും പറഞ്ഞു.

എച്ച്.എം.ആര്‍.സിയുമായുള്ള നികുതി അടക്കാത്തതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തിന് പിന്നാലെ പ്രശ്‌നം പരിഹരിക്കാനായി സഹവി പിഴ അടക്കുകയായിരുന്നു. ഇതോടെയാണ് സഹവി കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടത്.

നികുതി അടക്കാത്തതിന് പിഴ നേരിട്ടപ്പോള്‍ തന്റേത് അശ്രദ്ധവും ബോധപൂര്‍വമല്ലാത്ത പിശകാണെന്ന് എച്ച്.എം.ആര്‍.സി അംഗീകരിച്ചതായി സഹവി പറഞ്ഞിരുന്നു.

എച്ച്.എം.ആര്‍.സി ചാന്‍സലറും നികുതി സംവിധാനത്തിന്റെ ചുമതലയും വഹിച്ചിരുന്ന നദീം സഹവി ഏകദേശം അഞ്ച് മില്യണ്‍ പൗണ്ടാണ് പിഴയായി അടച്ചതെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി റിഷി സുനകിന്റെ സ്വതന്ത്ര്യ ഉപദേഷ്ടാവായ ലോറി മാഗ്നസാണ് സഹവിയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചിരുന്നത്.

ഇറാഖ് വംശജനായ നാദിം സഹവി റിഷി സുനക് ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ഒഴിവിലാണ് ഹൃസ്വ കാലയളവില്‍ ധനമന്ത്രിയായി ചുമതലയേറ്റത്. പിന്നീട് ബോറിസ് ജോണ്‍സന്‍ രാജിവെച്ചതോടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാവ് കൂടിയായിരുന്നു നാദിം സഹവി.

Content Highlight: Rishi Sunak fires party chairman Nadhim Zahawi over tax affairs

We use cookies to give you the best possible experience. Learn more