| Wednesday, 9th June 2021, 2:14 pm

കോണ്‍ഗ്രസില്‍ ചേരുമെന്ന് ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒ.ബി.സി. യുവമോര്‍ച്ചാ മുന്‍ വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഋഷി പല്‍പ്പുവിന്റെ പ്രതികരണം.

‘ബി.ജെ.പിയില്‍ നിന്ന് ആരും ഇതുവരെ എന്നെ കോണ്‍ടാക്ട് ചെയ്തിട്ടില്ല. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വൈകാതെ തന്നെ തീരുമാനം ഉണ്ടാവും. എനിക്ക് ബി.ജെ.പിയില്‍ ഇനിയൊരു പ്രതീക്ഷ ഇല്ല,’ ഋഷി പല്‍പ്പു പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റായി നിയമിതനായ കെ. സുധാകരന് സോഷ്യല്‍ മീഡിയയില്‍ ആശംസ നേര്‍ന്നു രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിനു കരുത്തുപകരാന്‍ അതികായന്‍മാര്‍ പ്രതിപക്ഷത്തിന്റെ നേതൃനിരയില്‍ എത്തേണ്ടതുണ്ടെന്നും കോണ്‍ഗ്രസിനു ഉണര്‍വു നല്‍കാന്‍ സുധാകരന്റെ നേതൃത്വത്തിനു കഴിയട്ടേ എന്നുമാണു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

കുറച്ചുദിവസംമുമ്പ് കെ. സുധാകരന്‍ ഋഷി പല്‍പ്പുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

കുഴല്‍പ്പണ കേസിലും കത്തിക്കുത്ത് കേസിലും നാണംകെട്ട ബി.ജെ.പി. ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാണ് ഋഷി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

ആറ് വര്‍ഷത്തേക്കാണ് ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ ഫോണിലൂടെ വിളിച്ചാണ് പുറത്താക്കിയ വിവരം തന്നെ അറിയിച്ചതെന്ന് ഋഷി പല്‍പ്പു പറഞ്ഞിരുന്നു.

കെ. സുരേന്ദ്രന്‍ വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നോ എന്നാണ് ചോദിച്ചത്. ഇട്ടു എന്ന് മറുപടി പറഞ്ഞതോടെ നിങ്ങളെ ചുമതലയില്‍ നിന്ന് നീക്കുകയാണെന്നാണ് അധ്യക്ഷന്‍ പറഞ്ഞത്. തനിക്ക് ഔദ്യോഗികമായി നോട്ടീസ് തരികയോ വിശദീകരണം തരികയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rishi Palppu says he is joining Congress soon

We use cookies to give you the best possible experience. Learn more