| Friday, 10th July 2015, 2:07 pm

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടെങ്കില്‍ ഗജേന്ദ്ര ചൗഹാന്‍ പുറത്ത് പോകണമെന്ന് ഋഷി കപൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


എഫ്.ടി.ഐ.ഐ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ് താരം ഋഷി കപൂര്‍. വിദ്യാര്‍ത്ഥികള്‍ക്ക് നിങ്ങളെ വേണ്ടെങ്കില്‍ പിന്നെ സമ്മര്‍ദ്ദം ചെലുത്തി തുടരരുത്. ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെച്ചൊഴിയുകയാണ് വേണ്ടത്. സ്വയം രാജി വെച്ചൊഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്ലത് മാത്രമേ സംഭവിക്കുകയുള്ളൂവെന്നും ഋഷി കപൂര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

എഫ്.ടി.ഐ.ഐ സമരത്തെ അനുകൂലിച്ചും ഗജേന്ദ്ര ചൗഹാനെതിരെയും ചലചിത്രമേഖലയില്‍ നിന്നും പ്രതികരണങ്ങള്‍ വരുന്നതിനിടെയാണ് ഋഷി കപൂര്‍ ഗജേന്ദ്ര ചൗഹാന്‍ രാജിവെച്ചൊഴിയണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

നേരത്തെ ഋഷി കപൂറിന്റെ മകനും ബോളിവുഡ് യുവ നടനുമായ രണ്‍ബിര്‍ കപൂറും ഗജേന്ദ്ര ചൗഹാനെതിരെ രംഗത്ത് വന്നിരുന്നു. സിനിമാ മേഖലയിലേക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്യാന്‍ കഴിയുന്ന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തേക്ക് അനുയോജ്യനായ ആളെ വേണം നിയമിക്കാനെന്നായിരുന്നു രണ്‍ബീറിന്റെ പ്രതികരണം.

രണ്‍ബീറിന്റെ പ്രതികരണത്തിന് പിന്നാലെ ബി.ജെ.പി സഹയാത്രികനും മുന്‍ സെന്‍സര്‍ ബോര്‍ഡ് അംഗവുമായ കിരണ്‍ ഖേറും ഗജേന്ദ്ര ചൗഹാനെ വിമര്‍ശിച്ചിരുന്നു.

എഫ്.ടി.ഐ.ഐ ചെയര്‍മാനാകാനുള്ള യോഗ്യത ഗജേന്ദ്ര ചൗഹാനില്ലെന്നും  നടന്‍, സംവിധായകന്‍, നിര്‍മ്മാതവ് എന്ന നിലയില്‍ യോഗ്യതയുള്ള ആളല്ല ഗജേന്ദ്രയെന്നും  ഗജേന്ദ്രയേക്കാള്‍ യോഗ്യതയുള്ള ആളെ എഫ്.ടി.ഐ.ഐ ചെയര്‍മാനായി നിയമിക്കണമെന്നുമായിരുന്നു അനുപം ഖേര്‍ അഭിപ്രായപ്പെട്ടിരുന്നത്.

ഗജേന്ദ്ര ചൗഹനെ കഴിഞ്ഞ മാസമാണ് പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചിരുന്നത്. മഹാഭാരതം സീരിയലില്‍ “യുധിഷ്ഠിരന്റെ” വേഷം ചെയ്തതോടെയാണ് ഇദ്ദേഹം പ്രശസ്തനായത്.

Latest Stories

We use cookies to give you the best possible experience. Learn more