| Wednesday, 13th September 2017, 7:21 pm

പാരമ്പര്യത്തെ കുറിച്ച് വീമ്പു പറയുകയല്ല സ്‌നേഹം കൊണ്ടും അധ്വാനം കൊണ്ടും ആളുകളുടെ ആദരവ് നേടുകയാണ് വേണ്ടതെന്ന് രാഹുലിനോട് റിഷി കപൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച്ചയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുതിര്‍ന്ന ബോളിവുഡ് താരം റിഷി കപൂര്‍. ബോളിവുഡില്‍ തന്റെ കുടുംബം കാലമായി നടത്തി വരുന്ന കുടുംബവാഴ്ച്ചയെ ഉദാഹരണമായി വച്ചു കൊണ്ടായിരുന്നു റിഷി കപൂറിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“രാഹുല്‍ ഗാന്ധി, കഴിഞ്ഞ 106 വര്‍ത്തെ ചരിത്രത്തില്‍ 90 വര്‍ഷവും ഇന്ത്യന്‍ സിനിമയില്‍ കപൂര്‍ കുടുംബത്തില്‍ നിന്നുള്ളവരുണ്ടായിരുന്നു. ഒരോ തലമുറയേയും ജനങ്ങള്‍ തെരഞ്ഞെടുക്കുകയായിരുന്നു. പഥ്വിരാജ് കപൂര്‍, രാജ് കപൂര്‍, രണ്‍ദീര്‍ കപൂര്‍, രണ്‍ബീര്‍ കപൂര്‍ അങ്ങനെ ദൈവ കൃപയാല്‍ നാല് തലമുറയും പിന്നിട്ടു. വേറെയും ആളുകളുണ്ട്. വെറുതെ ആളുകളോട് പാരമ്പര്യത്തെ കുറിച്ച് വീമ്പു പറയുന്നതിന് പകരം സ്‌നേഹം കൊണ്ടും കഠിനാധ്വാനം കൊണ്ടും ബഹുമാനം നേടാന്‍ കഴിയണം. അല്ലാതെ ഗുണ്ടായിസമല്ല മാര്‍ഗ്ഗം.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന പ്രധാന പ്രശ്നം കുടുംബവാഴ്ചയാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും കുടുംബാധിപത്യം നിലനില്‍ക്കുന്നുണ്ടെന്നും. കുടുംബവാഴ്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് സംസാരിക്കുന്നതിനിടെ രാഹുല്‍ പറഞ്ഞിരുന്നു.


Also Read: ‘ശോഭായാത്രയില്‍ ഭാരതാംബയായി അനുശ്രീ’; താരം സംഘപുത്രിയാണെന്ന അവകാശവാദവുമായി സംഘപരിവാറിന്റെ ഫെയ്‌സ്ബുക്ക് പേജുകള്‍


താന്‍ മാത്രമല്ല കുടുംബ പാരമ്പര്യത്തിന്റെ കരുത്തില്‍ വന്നതെന്നും അഖിലേഷ് യാദവ്, എം.കെ.സ്റ്റാലിന്‍, അഭിഷേക് ബച്ചന്‍, തുടങ്ങിയവരും ഇതേ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കാലിഫോര്‍ണിയയിലെ സംവാദത്തിനിടെ എന്‍.ഡി.എ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ രാഹുല്‍ ഗാന്ധിയുയര്‍ത്തിയിരുന്നു. രാജ്യത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണക്കാര്‍ ബി.ജെ.പിയാണെന്നും അദ്ദേഹം വിമര്‍ശനമുയര്‍ത്തിയിരുന്നു.

We use cookies to give you the best possible experience. Learn more