പാര്‍ട് ടൈം ജോലിയില്‍ നിന്ന് സംരഭകനിലേക്കുള്ള റിഷാന്‍ അഹമ്മദിന്റെ യാത്ര
Dool Plus
പാര്‍ട് ടൈം ജോലിയില്‍ നിന്ന് സംരഭകനിലേക്കുള്ള റിഷാന്‍ അഹമ്മദിന്റെ യാത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd March 2024, 1:30 pm

സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ നടന്ന് ആ സ്വപ്‌നം സ്വന്തമാക്കുന്നവരുണ്ട്. പഠിച്ചതും കൊതിച്ചതും എല്ലാം മാറ്റിവെച്ച് സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍. അതിനൊരു മികച്ച ഉദാഹരണമാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റിഷാന്‍ അഹമ്മദ്. പ്രവാസ ജീവിതമാണ് റിഷാന്‍ അഹമ്മദിന്റെ തലവര മാറ്റിയത്. ഇപ്പോള്‍ ദുബായിലും ഒമാനിലുമായി തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയാണ് ഈ ചെറുപ്പക്കാരന്‍. നിലവില്‍ TAXPERT എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും M.R ഗാര്‍മെന്റ്‌സിന്റെ ഫൗണ്ടറുമാണ് റിഷാന്‍. ചുരുങ്ങിയ കൊല്ലം കൊണ്ട് ഈ 26കാരന്‍ താണ്ടിയ ദൂരം ചെറുതല്ല.

പ്ലസ്ടു പഠനത്തിന് ശേഷമാണ് റിഷാന്‍ പ്രവാസ ജീവിതം തെരഞ്ഞെടുത്തത്. തുടര്‍ പഠനവും അവിടെയായിരുന്നു. എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ് ആയിരുന്നു മേഖല. കുട്ടിക്കാലം മുതലേ വിമാനം കൗതുകമായ ചെറുപ്പക്കാരന്‍ മറ്റ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെ. കൂടെ പാര്‍ട്ടൈം ജോലിയും. വെസ്റ്റേണ്‍ യൂണിയന്‍, zee5,ഷറഫ്ഡിജി, ബൈജൂസ്, RTA,ഇവന്റ് കമ്പനി തുടങ്ങിയ പല സ്ഥലത്തും ജോലി ചെയ്തു.

ഈ പാര്‍ട്ട് ടൈം ജോലിയാണ് റിഷാനെ ‘മാന്‍ പവര്‍ സപ്ലൈ’ മേഖലയിലെത്തിച്ചത്. അതായത് ജോലി ആവശ്യമുള്ളവര്‍ക്കും, ജോലിക്കാരെ ആവശ്യമുള്ള കമ്പനികള്‍ക്കും ഇടയിലെ ഒരു ഏജന്റ് ആയിട്ടായിരുന്നു തുടക്കം. പ്രതീക്ഷിച്ച് വന്നതല്ലെങ്കിലും എത്തിപ്പെട്ട മേഖല തരക്കേടില്ല എന്ന് തോന്നി പലപ്പോഴും മറ്റു ജോലികളുടെ ഒപ്പം തന്നെ മാന്‍ പവര്‍ സപ്ലെയും മുന്നോട്ടുപോയി.

ഈ മാന്‍ പവര്‍ സപ്ലൈ നല്‍കിയ ആത്മവിശ്വാസമാണ് 2018 ല്‍ TAXPERT എന്ന കമ്പനിയ്ക്ക് റിഷാനും ഫ്രണ്ട് നാജിദും ചേര്‍ന്ന് തുടക്കം കുറിക്കാന്‍ കാരണമായത്. TAXPERT എന്നൊരു ഓഡിറ്റിംഗ് കമ്പനി തുടങ്ങിയപ്പോള്‍ ആശങ്കകള്‍ ഏറെയായിരുന്നു. നാട്ടിലും, പുറത്തുമായി ക്ലയിന്റുകള്‍ വന്ന് തുടങ്ങിയതോടെ ആത്മവിശ്വാസം കൂടി. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കില്‍ ആണെന്ന് തെളിയിച്ച് TAXPERT ദുബായിലും, ഒമാനിലും ബ്രാഞ്ചുകള്‍ തുടങ്ങി. ക്ലൈന്റുകള്‍ക്കൊപ്പം TAXPERT ഉം വളര്‍ന്നു. ഇപ്പോള്‍ മൂന്നിടങ്ങളിലുമായി അമ്പതിലധികം സ്റ്റാഫുകളുണ്ട്. ഒരുപാട് ചെറുപ്പക്കാര്‍ക്ക് പുറത്തേക്കുള്ള ജോലി സാധ്യതകള്‍ കൂടെ റിഷാന്‍ തുറന്നിടുന്നു.

TAXPERT ല്‍ മാത്രമൊതുങ്ങിയില്ല റിഷാനന്റെ ബിസിനസ് മോഹം M.R ഗാര്‌മെന്റ്‌സ് എന്ന യൂണിഫോം കമ്പനിയും ഇതിന്റെ തുടര്‍ച്ചയാണ്ത്. ദുബായിലാണ് ആദ്യം തുടങ്ങിയത്. ഇപ്പോള്‍ ഒമാനിലും നാട്ടിലുമായി M.R ഗാര്‍മെന്റ്‌സിന് ബ്രാഞ്ചുകളുണ്ട്.

പ്രവാസ ജീവിതത്തില്‍ പഠിച്ച വലിയ പാഠങ്ങളില്‍ ഒന്നാണ് ഗാര്‍മെന്റ് ബിസിനസില്‍ എത്തിച്ചത്. ഏത് ജോലിക്കായാലും വിദേശരാജ്യങ്ങളില്‍ യൂണിഫോമുണ്ടാകും. അപ്പോള്‍ എന്ത് കൊണ്ട് ഒരു യൂണിഫോം പ്രൊഡക്ഷന്‍ കമ്പനി സ്റ്റാര്‍ട്ട് ചെയ്തു കൂടാ എന്ന ചെറിയ ചിന്തയായിരുന്നു അതിന് പിന്നില്‍. ഒരാവേശത്തിന് തുടങ്ങി, പക്ഷേ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇന്‍സ്റ്റ്ഗ്രാമില്‍ പേജ് തുടങ്ങി, വാട്‌സപ്പ് സ്റ്റോറിയും, സ്റ്റാറ്റസും ഒക്കെയായി M.R ഗാര്‍മെന്റ്‌സിന്റെ പ്രൊമോഷന്‍ പൊടിപൊടിച്ചു. ഇന്ന് സ്വന്തമായി മേല്‍വിലാസമുള്ള 20 ലധികം ജീവനക്കാരുള്ള യൂണിറ്റാണ് M.R ഗാര്‍മെന്റ്‌സ്.

TAXPERT ന്റെ പുതിയ ബ്രാഞ്ച് യു.കെയില്‍ തുടങ്ങാനുള്ള പ്ലാനിലാണ് റിഷാന്‍ അഹമ്മദ്. ഇനി മുതല്‍ Crewford മീഡിയ എന്ന പേരില്‍ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയ്ക്കും തുടക്കമിട്ടുകഴിഞ്ഞു. യൂണിഫോമുകള്‍ക്കായി സ്വന്തമായൊരു ബ്രാന്‍ഡില്ലാത്ത കാലത്ത് സ്വന്തം പേരിലൂടെ M.R ഗാര്‍മെന്റ്‌സിനെ ഒരു ലോകോത്തര യൂണിഫോം ബ്രാന്‍ഡ് ആയി ഉയര്‍ത്തി കൊണ്ട് വരിക എന്ന ലക്ഷ്യവും ഈ ചെറുപ്പക്കാരനുണ്ട് . പാര്‍ട്ട് ടൈം ജോബില്‍ തുടങ്ങി TAXPERT ന്റെ മാനേജിങ് ഡയറക്ടര്‍, M.R ഗാര്‍മെന്റ്‌സിന്റെ ഫൗണ്ടര്‍ എന്നീ നിലകളില്‍ തിളങ്ങുന്ന റിഷാന്‍ അഹമ്മദ് എന്ന ചെറുപ്പക്കാരന്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രചോദനമാണ്.

content highlights: Rishan Ahmed’s journey from part-time job to entrepreneur