17 പന്ത് നേരിട്ട് ഒമ്പത് റണ്‍സ്, ലോകകപ്പിന് മുമ്പ് തന്നെ ഇത് അവന് പറ്റിയ പണിയല്ലെന്ന് പന്ത് വീണ്ടും തെളിയിക്കുന്നു
Sports News
17 പന്ത് നേരിട്ട് ഒമ്പത് റണ്‍സ്, ലോകകപ്പിന് മുമ്പ് തന്നെ ഇത് അവന് പറ്റിയ പണിയല്ലെന്ന് പന്ത് വീണ്ടും തെളിയിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th October 2022, 5:02 pm

ടി-20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. 13 റണ്‍സിന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് സ്വന്തമാക്കിയത്.

സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. 35 പന്തില്‍ നിന്നും 52 റണ്‍സാണ് താരം നേടിയത്. സൂര്യകുമാര്‍ യാദവിന് പുറമെ ഹര്‍ദിക് പാണ്ഡ്യയും ദീപക് ഹൂഡയുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റ് താരങ്ങള്‍.

ഹര്‍ദിക് പാണ്ഡ്യ 27 റണ്‍സും ദീപക് ഹൂഡ 22 റണ്‍സും നേടി പുറത്തായി. പുറത്താവാതെ 19 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കും ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള പല താരങ്ങളും നിരാശപ്പെടുത്തി. കേവലം മൂന്ന് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാന്‍ സാധിച്ചത്.

രോഹിത്തിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ റിഷബ് പന്തും പാടെ നിരാശപ്പെടുത്തി. 17 പന്ത് നേരിട്ട് ഒമ്പത് റണ്‍സാണ് പന്ത് ആകെ നേടിയത്. ലോങ്ങര്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ടി-20യില്‍ പന്തിന്റെ മോശം പ്രകടനം തുടരുകയാണ്.

ടി-20 ഫോര്‍മാറ്റില്‍ തനിക്ക് തിളങ്ങാനാവില്ല എന്ന വിമര്‍ശനങ്ങളെ മറിടകക്കാനുള്ള അവസരമായിട്ടുകൂടിയും പന്തിന് അത് മുതലാക്കാന്‍ സാധിക്കുന്നില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ഇന്ത്യ 13 റണ്‍സിന്റെ വിജയം ആഘോഷിക്കുകയായിരുന്നു.

അര്‍ഷ്ദീപ് സിങ്ങിന്റെ ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. മൂന്ന് ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് ആറ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് കൊയ്തത്.

അര്‍ഷ്ദീപിന് പുറമെ ഭുവനേശ്വര്‍ കുമാറും യൂസ്വേന്ദ്ര ചഹലും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഭുവി 26 റണ്‍സ് വഴങ്ങിയപ്പോള്‍ ചഹല്‍ 15 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ലോകകപ്പിന് മുമ്പ് ബൗളര്‍മാര്‍ തങ്ങളുടെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തത് ഇന്ത്യക്ക് ആശ്വസിക്കാനുള്ള വക നല്‍കുന്നുണ്ട്.

 

Content Highlight: Rishabh Pants poor performance in India vs Western Australia warm up match