വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് 2024 ഐ.പി.എല്ലില്‍ തിരിച്ചുവരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി അവസാനത്തോടെ താരം പൂര്‍ണമായ ഫിറ്റ്‌നസ്സില്‍ ടീമില്‍ എത്തുമെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റ് നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ പരിശീലനം തുടങ്ങിയത് മുതല്‍ ദല്‍ഹി ക്യാപിറ്റല്‍സില്‍ വിക്കറ്റ് കീപ്പറുടെ റോളും ക്യാപ്റ്റന്‍സിയും നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ടേഡവിഡ് വാര്‍ണറെ ക്യാപ്റ്റനാക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പന്ത് ക്യാപ്റ്റനാകുമെന്ന് സ്ഥിരീകരിക്കുകയാണ് ടീമിന്റെ സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. എന്നാല്‍ ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ വിക്കറ്റ് കീപ്പിങ് ചുമതലകള്‍ നിര്‍വഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പന്ത് വിക്കറ്റ് കീപ്പറായി പരിശീലിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ബാറ്റിങ് സെഷനിലും താരം ഏര്‍പ്പെട്ടിട്ടുണ്ടെന്നും പാര്‍ത്ഥ് വെളിപ്പെടുത്തി.
‘റിഷബ് പന്തിന് ബാറ്റിങ്ങിലും റണ്ണിങ്ങിലും ഒരു പ്രശ്‌നവുമില്ല. നിലവില്‍ വിക്കറ്റ് കീപ്പിങ്ങും പരിശീലിക്കുന്ന അദ്ദേഹം ഐ.പി.എല്ലിന് പൂര്‍ണ യോഗ്യനാണ്. പന്ത് മുഴുവന്‍ ലീഗും കളിക്കുമെന്നും ടീമിനെ നയിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ആദ്യ ഏഴ് മത്സരങ്ങളില്‍ അദ്ദേഹത്തിന് വിക്കറ്റ് കീപ്പിങ് ഗ്ലൗസ് നല്‍കില്ല, കൂടാതെ അവന്റെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് കാണാന്‍ ബാറ്ററായി കളിക്കും. ആദ്യ ഘട്ടത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കും,’ ക്രിക്ക്ഇന്‍ഫോയോട് സംസാരിക്കവെ ജിന്‍ഡാല്‍ പറഞ്ഞു.
ഐ.പി.എല്‍ 2024ന്റെ ഷെഡ്യൂള്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 22നാണ് ടൂര്‍ണമെന്റിന് തുടക്കം കുറിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.
Content Highlight: Rishabh Pant will be the captain of Delhi Capitals