പന്ത് കട്ട കലിപ്പ്, അവസാനം വിക്കറ്റ് കൊടുത്ത് മടക്കം!
Sports News
പന്ത് കട്ട കലിപ്പ്, അവസാനം വിക്കറ്റ് കൊടുത്ത് മടക്കം!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th September 2024, 10:38 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ആദ്യ ടെസ്റ്റിലെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സാണ് ടീം നേടിയത്.

മത്സരത്തിന്റെ ഇടയില്‍വെച്ച് റിഷഭ് പന്തും ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ആയ ലിട്ടന്‍ ദാസും തമ്മില്‍ വാക്പോര് ഉണ്ടായതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

ജെയ്‌സ്വാളും പന്തും സിംഗിള്‍ എടുക്കാന്‍ ഓടുന്നതിന്റെ ഇടയില്‍ ഫീല്‍ഡര്‍ ത്രോ ചെയ്ത് റിഷഭിന്റെ പാഡില്‍ കൊണ്ടു, ബോള്‍ തട്ടി പോയ സമയത്ത് വീണ്ടും താരങ്ങള്‍ സിംഗിള്‍ എടുത്തു. അത് കണ്ട് ലിട്ടന്‍ ദാസ് ഉടന്‍ തന്നെ വാക്പോര് നടത്താന്‍ പന്തിന്റെ അടുക്കലേക്ക് ചെന്നു. ഇതാണ് പ്രശ്‌നത്തിന് കാരണമായത്.

‘ഫീല്‍ഡറോട് മര്യാദക്ക് ത്രോ ചെയ്യാന്‍ പറയണം, എന്തിനാണ് എന്റെ ദേഹത്ത് പന്ത് എറിയുന്നത്’ എന്നാണ് റിഷബ് പന്ത് ചോദിച്ചത്. അതില്‍ രണ്ട് പേരും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ പന്തിന് മടങ്ങേണ്ടി വന്നു. ഹസന്‍ മഹ്‌മൂദിന്റെ പന്തില്‍ കീപ്പര്‍ ലിട്ടന്‍ ദാസിന്റെ കൈകളിലേക്ക് വിക്കറ്റ് നല്‍കിയാണ് താരം കീടാരം കയറിയത്.

ജെയ്‌സ്വാള്‍ 56 റണ്‍സും പന്ത് 36 റണ്‍സും നേടിയാണ് മടങ്ങിയത്. പിന്നീട് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ ആര്‍. അശ്വിന്റേയും രവീന്ദ്ര ജഡേജയുടെയും മിന്നും പ്രകടനമാണ് ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയത്.

92 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയാണ് ജഡേജ ക്രീസില്‍ തുടരുന്നത്. എന്നാല്‍ അശ്വിന്‍ 112 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 102 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇപ്പോള്‍ നേടാന്‍ സാധിച്ചത്.

 

Content Highlight: Rishabh Pant VS Liton Das Clash