|

വിരാടിനെ ആരാധകരുടെ തെറി കേള്‍ക്കാതെ രക്ഷപ്പെടുത്തി പന്ത്; അമ്പരപ്പോടെ കെ.എല്‍. രാഹുല്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരം ZAC സ്‌റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 513 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാ കടുവകള്‍ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്.

ആദ്യ ഇന്നിങ്‌സില്‍ 404 റണ്‍സ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 258 റണ്‍സില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ സ്‌കോര്‍ കെട്ടിപ്പൊക്കുകയാണ്. നാലാം ദിനം ലഞ്ചിന് പിരിയും മുമ്പ് ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ബംഗ്ലാദേശ് ക്രീസില്‍ നിലയുറപ്പിച്ചത്.

42 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 119 റണ്‍സ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ് ലഞ്ചിന് പിരിഞ്ഞത്.

എന്നാല്‍ ലഞ്ചിന് ശേഷം ഒന്നൊന്നായി വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ ബംഗ്ലാദേശിനെ തളച്ചിട്ടത്. 47ാം ഓവറിലാണ് ഉമേഷ് യാദവ് അപകടകാരിയായ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ ആദ്യ വിക്കറ്റായി പന്തിന്റെ കൈകളിലെത്തിച്ച് മടക്കിയത്. സ്ലിപ്പില്‍ വിരാട് കോഹ്‌ലി നഷ്ടപ്പെടുത്തിയ ക്യാച്ചാണ് പന്ത് കൈപ്പിടിയിലൊതുക്കിയത്.

47ാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സംഭവം. ഉമേഷ് യാദവിനെ കട്ട് ചെയ്യാന്‍ ശ്രമിച്ച ഷാന്റോക്ക് പിഴക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ വിരാടിന് ആ ക്യാച്ച് കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല.

വിരാടിന്റെ കയ്യില്‍ നിന്നും തെന്നിപ്പോയ പന്ത് ഒരു കിടിലന്‍ ഡൈവിങ് ക്യാച്ചിലൂടെ റിഷബ് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. 156 പന്തില്‍ നിന്നും 67 റണ്‍സുമായാണ് ഷാന്റോ മടങ്ങിയത്.

നിലവില്‍ രണ്ട് വിക്കറ്റുകള്‍ കൂടി ബംഗ്ലാദേശിന് നഷ്ടമായിരിക്കുകയാണ്. അഞ്ച് റണ്‍സ് നേടിയ യാസിര്‍ അലിയെയും 19 റണ്‍സ് സ്വന്തമാക്കിയ ലിട്ടണ്‍ ദാസിനെയുമാണ് ബംഗ്ലാ കടുവകള്‍ക്ക് നഷ്ടമായിരിക്കുന്നത്.

70 ഓവര്‍ പിന്നിടുമ്പോള്‍ 176ന് മൂന്ന് എന്ന നിലയിലാണ് ബംഗ്ലാദേശ്. 337 റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ ബംഗ്ലാദേശിന് ടെസ്റ്റ് വിജയിക്കാം.

Content Highlight: Rishabh Pant took the catch that Virat missed

Video Stories