| Tuesday, 7th May 2024, 8:41 am

സഞ്ജുവും ഞാനും ദല്‍ഹിയില്‍ ഒരുമിച്ച് കളിക്കുമ്പോഴുള്ള ഗെയിംപ്ലാന്‍ അതായിരുന്നു: ഓര്‍മ്മകള്‍ പങ്കുവെച്ച് പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍ രാജസ്ഥാന്‍ റോയല്‍സാണ്. ക്യാപിറ്റല്‍സിന്റെ തട്ടകമായ ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശപരമായ മത്സരത്തില്‍ ഇന്ത്യയുടെ നിലവിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരായ റിഷബ് പന്തും സഞ്ജു സാംസ നേര്‍ക്കുനേര്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

നിലവില്‍ പത്ത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ട് വിജയവും രണ്ട് തോല്‍വിയും അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. മറുഭാഗത്ത് 11 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ആറ് തോല്‍വിയും അടക്കം 10 പോയിന്റോടെ ആറാം സ്ഥാനത്താണ് ദല്‍ഹി.

പ്ലേ ഓഫിലേക്ക് മുന്നേറണമെങ്കില്‍ പന്തിനും കൂട്ടര്‍ക്കും ഇന്നത്തെ മത്സരം അതിനിര്‍ണായകമാണ്. മറുഭാഗത്ത് ക്യാപ്പിറ്റല്‍സിനെതിരെ വിജയിച്ചുകൊണ്ട് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ആയിരിക്കും രാജസ്ഥാന്‍ ലക്ഷ്യമിടുക.

ഇപ്പോഴിതാ ഈ ആവേശകരമായ മത്സരത്തിനു മുന്നോടിയായി 2017ൽ സഞ്ജുവിനോപ്പം ദല്‍ഹിയിൽ കളിച്ചിരുന്ന കാലത്തെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ക്യാപ്പിറ്റല്‍സ് നായകന്‍. ജിയോ സിനിമയിലൂടെ പ്രതികരിക്കുകയായിരുന്നു പന്ത്.

2017ല്‍ ഗുജറാത്ത് ലയന്‍സിനെതിരെയുള്ള മത്സരത്തില്‍ ഇരു താരങ്ങളും ഒരുമിച്ചു കളിക്കുമ്പോള്‍ ഉണ്ടായിരുന്ന അനുഭവം പങ്കുവെക്കുകയായിരുന്നു പന്ത്.

‘ഞങ്ങള്‍ ഒരുമിച്ച് കളിക്കുമ്പോള്‍ മികച്ച ഒരു കെമിസ്ട്രി ഉണ്ടായിരുന്നു. എന്താണ് മത്സരത്തിലേക്ക് പ്ലാന്‍ എന്ന് സഞ്ജു എന്നോട് ചോദിച്ചു അപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞത് ‘ നമുക്ക് അടിക്കാം നമ്മള്‍ രണ്ടുപേരും സ്‌ട്രൈക്കിലും ഉണ്ടല്ലോ’ എന്നാണ്,’ പന്ത് പറഞ്ഞു.

ഈ സീസണില്‍ മിന്നും പ്രകടനമാണ് രണ്ടു താരങ്ങളും നടത്തുന്നത്. 11 മത്സരങ്ങളില്‍ നിന്നും 398 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. 42 ആവറേജിലും 183 സ്‌ട്രൈക്ക് റേറ്റിലുമാണ് പന്ത് ബാറ്റ് വീശിയത്.

പത്ത് മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉള്ളത്. 77 എന്ന ആവറേജിലും 161.09 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

Content Highlight: Rishabh Pant talks about Sanju Samson

We use cookies to give you the best possible experience. Learn more