ഐ.സി.സി ടി-20 ലോകകപ്പില്‍ ജൂണ്‍ ഒമ്പതിന് നടക്കുന്ന ആവേശകരമായ ഇന്ത്യയും പാകിസ്ഥാനുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ന്യൂയോര്‍ക്കിലെ നസാവും കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ വാശിയേറിയ പോരാട്ടത്തിനായി കാത്തിരിക്കുകയാണ്.
ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മറുഭാഗത്ത് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ യു.എസ്.എയോട് ഞെട്ടിക്കുന്ന തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്.
അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിനായിരുന്നു അമേരിക്ക ബാബര്‍ അസമിനെയും കൂട്ടരെയും വീഴ്ത്തിയത്. അതുകൊണ്ടുതന്നെ ലോകകപ്പിലെ ആദ്യ ജയമാവും ബാബറും കൂട്ടരും ഇന്ത്യക്കെതിരെ ലക്ഷ്യമിടുക.
ഇപ്പോഴിതാ ഈ ആവേശകരമായ മത്സരത്തിന് മുന്നോടിയായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റിഷബ് പന്ത്. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു പന്ത്.
‘ഞാനും സഞ്ജുവും തമ്മില്‍ വളരെ നല്ല സൗഹൃദമാണ് ഉള്ളത്. സഞ്ജു വളരെ ശാന്തനായ ഒരാളാണ്. സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെക്കുറിച്ച് പല കാര്യങ്ങളും നടക്കുന്നുണ്ട് എന്നറിയാം, എന്നാല്‍ വ്യക്തിപരമായി ഞങ്ങള്‍ ഈ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. ഞങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് അതുകൊണ്ടുതന്നെ ഞങ്ങള്‍ പരസ്പരം വളരെയധികം ബഹുമാനിക്കുന്നു,’ റിഷഭ് പന്ത് പറഞ്ഞു.
ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ്ങില്‍ സ്ഥാനത്ത് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഈ അവസരം കൃത്യമായി വിനിയോഗിക്കാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നില്ല. മത്സരത്തില്‍ ഒരു റണ്‍സ് നേടി കൊണ്ടായിരുന്നു സഞ്ജു മടങ്ങിയത്.
ആ മത്സരത്തില്‍ തന്നെ പന്ത് മികച്ച പ്രകടനമായിരുന്നു നടത്തിയത്. 32 പന്തില്‍ 53 റണ്‍സ് നേടികൊണ്ടായിരുന്നു ബംഗ്ലാദേശിനെതിരെ പന്ത് കരുത്തുകാട്ടിയത്. ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരെയുള്ള ആദ്യ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ഐറിഷ് പടയ്‌ക്കെതിരെ 26 പന്തില്‍ പുറത്താവാതെ 36 റണ്‍സ് നേടികൊണ്ടായിരുന്നു പന്തിന്റെ തകര്‍പ്പന്‍ പ്രകടനം.
Content Highlight: Rishabh Pant talks about Sanju Samson