2024ലെ ഐ.സി.സി ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായത്. 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കയ്ക്ക് അവസാന ഓവറില്‍ വിജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടത്.
ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ദിക് ആയിരുന്നു അവസാന ഓവറില്‍ ബൗള്‍ ചെയ്തത്. ക്രീസിലുണ്ടായിരുന്ന ഡേവിഡ് മില്ലര്‍ പാണ്ഡ്യയുടെ ഒരു ഫുള്‍ ടോസില്‍ പന്ത് ഉയര്‍ത്തിയടിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ഇന്ത്യയുടെ രക്ഷകനായി എത്തിയത് സൂര്യകുമാര്‍ യാദവായിരുന്നു. ഐതിഹാസികമായ ഒരു ക്യാച്ചില്‍ സിക്‌സറിന് പോകേണ്ട പന്ത് താരം തട്ടിയകറ്റി വീണ്ടും കൈപ്പിടിയിലാക്കുകയായിരുന്നു.
ഈ ക്യാച്ചിനെക്കുറിച്ച് ഇപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ റിഷബ് പന്ത് സംസാരിച്ചിരിക്കുകയാണ്. തന്‍മോയ് ബട്ടിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താരം. അവസാന ഘട്ടത്തില്‍ ഡേവിഡ് മില്ലര്‍ അടിച്ച കൂറ്റന്‍ ഷോട്ട് സിക്‌സറില്‍ കലാശിക്കുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് പന്ത് സിക്‌സാവാഞ്ഞത് എന്നാണ് താരം ചിരിച്ചുകൊണ്ട് പറഞ്ഞത്.
‘പന്ത് വായുവില്‍ എത്തിയപ്പോള്‍ എല്ലാം നഷ്ടപ്പെട്ടപോലെ തോന്നി. ബാറ്റില്‍ തട്ടിയപ്പോള്‍ ഷോട്ട് സിക്സറാകുമെന്ന് തന്നെ തോന്നി. ഇന്ത്യന്‍ ആരാധകരുടെ പ്രാര്‍ത്ഥന കാരണം പന്ത് ബൗണ്ടറി ലൈന്‍ കടന്നില്ല. ആ നിമിഷം എപ്പോഴും എന്നോടൊപ്പം ഉണ്ടാകും, എന്നാല്‍ ഇപ്പോള്‍ നമ്മള്‍ മുന്നോട്ട് പോകുകയും അടുത്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം,’ പന്ത് പറഞ്ഞു.
Content Highlight: Rishabh Pant Talking About Suryakumar Yadav’s 2024 T-20 Final Catch