ടെസ്റ്റും ലോകകപ്പുമല്ല എന്റെ ലക്ഷ്യം: റിഷബ് പന്ത്
Sports News
ടെസ്റ്റും ലോകകപ്പുമല്ല എന്റെ ലക്ഷ്യം: റിഷബ് പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th March 2024, 5:10 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ലീഗാണ് ഐ.പി.എല്‍. 2024 ഐ.പി.എല്‍ മാര്‍ച്ച് 22നാണ് ആദ്യ മത്സരം നടക്കുന്നത്. എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും വിരാട് കോഹ്‌ലിയുടെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് ആദ്യ മത്സരം.

എന്നാല്‍ ഐ.പി.എല്ലിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് റിഷബ് പന്തും ദല്‍ഹി കാപ്പിറ്റല്‍സുമാണ്. വാഹനാപകടത്തില്‍ പരിക്ക് പറ്റി ഏറെ കാലം ചികിത്സയിലായിരുന്ന ദല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷബ് പന്ത് തിരിച്ചെത്തിയിരിക്കുകയാണ്. താരം ഐ.പി.എല്ലില്‍ തിരിച്ച് വരുമെന്നായിരുന്നു പറഞ്ഞത്.

ഇപ്പോള്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി താരത്തിന് മാച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ താരം ടീമിലേക്ക് തന്റെ പഴയ റോളില്‍ തിരിച്ചെത്തിയിരുക്കുകയാണ്. ഇതേതുടര്‍ന്ന്
ക്ലബ് പ്രേരി ഫിറ്റിന്റെ പോഡ്കാസ്റ്റില്‍ താരം തന്റെ തിരിച്ചുവരവിനെക്കുറിച്ചും സംസാരിച്ചിരുന്നു.

‘എനിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ ഞാന്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് എനിക്കറിയില്ല. ലോകകപ്പിനെക്കുറിച്ചോ ഓസ്ട്രേലിയയിലെ പരമ്പരയെക്കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല. എന്റെ ആദ്യ ലക്ഷ്യം ദല്‍ഹി ക്യാപിറ്റല്‍സിനായി ക്രിക്കറ്റ് കളിക്കുക എന്നതാണ്.

ഭാവിയിലേക്ക് നോക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വീട്ടിലിരിക്കുമ്പോള്‍ ടീമംഗങ്ങളും ഡ്രസ്സിങ് റൂം പരിസരവും, അവിടെ തമ്മിലുള്ള കളിയാക്കലുകളും എനിക്ക് നഷ്ടമായി. വീട്ടില്‍ ഇരുന്നാല്‍ അതൊന്നും കിട്ടില്ല. ഗ്രൗണ്ടില്‍ ഞാന്‍ എങ്ങനെ കളിക്കുന്നുവെന്ന് എനിക്ക് കാണണം,’ ഋഷഭ് പന്ത് പറഞ്ഞു.

പന്തിന്റെ ശരീരം ഇപ്പോഴും ക്രിക്കറ്റ് ആക്ഷന്‍ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ താരത്തിന് ഗ്രൗണ്ടില്‍ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടിവരും. മാത്രമല്ല ബാറ്ററിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സമയം ആവശ്യമാണ്. മാര്‍ച്ച് 23ന് പഞ്ചാബ് കിങ്‌സിനോടാണ് ദല്‍ഹിയുടെ ആദ്യ മത്സരം.

 

 

Content Highlight: Rishabh Pant Talking About His Comeback