വെറും ഒരു റണ്‍സിന് സെഞ്ച്വറി പോയപ്പോള്‍ സാക്ഷാല്‍ ധോണിയെ മറികടന്നത് അറിഞ്ഞില്ല!
Sports News
വെറും ഒരു റണ്‍സിന് സെഞ്ച്വറി പോയപ്പോള്‍ സാക്ഷാല്‍ ധോണിയെ മറികടന്നത് അറിഞ്ഞില്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 20th October 2024, 7:53 am

ഇന്ത്യയും ന്യൂസിലാന്‍ഡുമുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്‌സ് ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ഇന്ത്യ  ആദ്യ ഇന്നിങ്‌സില്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയില്‍ 46 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 402 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ച്ച വെക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 462 റണ്‍സിനാണ് ഇന്ത്യ ഓള്‍ ഔട്ട് ആയത്. 107 റണ്‍സിന്റെ ടാര്‍ഗറ്റാണ് കിവീസിനുള്ളത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് സര്‍ഫറാസ് ഖാനും റിഷബ് പന്തുമാണ്. 105 പന്തില്‍ നിന്ന് അഞ്ച് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 99 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. വെറും ഒരു റണ്‍സിനാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. ടെസ്റ്റില്‍ ഏഴ് തവണയാണ് താരം 90കളില്‍ വിക്കറ്റാകുന്നത്.

Image

എന്നിരുന്നാലും ഒരു വമ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 2500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എം.എസ്. ധേണിയെയാണ് പന്ത് ഈ നേട്ടത്തില്‍ പിന്നിലാക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗതയില്‍ 2500 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍, ഇന്നിങ്‌സ്

റിഷബ് പന്ത് – 62*

എം.എസ്. ധോണി – 69

പന്തിനെ കൂടാതെ 195 പന്തില്‍ 18 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 150 റണ്‍സ് നേടി സര്‍ഫറാസ് സെഞ്ച്വറി നേടിയാണ് പുറത്തായത്. ഫോര്‍മാറ്റില്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ ശേഷം ഇറങ്ങിയ ആര്‍. അശ്വിന് മാത്രമാണ് 15 റണ്‍സ് നേടി രണ്ടക്കം കാണാന്‍ സാധിച്ചത്. മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.

മത്സരത്തില്‍ മികവ് കാഴ്ച്ചവെച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജെയ്സ്വാളും മടങ്ങിയത്. ഹിറ്റ്മാന്‍ 63 പന്തില്‍ നിന്ന് ഒരു സിക്സും എട്ട് ഫോറും അടക്കം 52 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കളം വിട്ടത്. ആറ് ഫോര്‍ അടക്കം 52 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയാണ് യശസ്വി മടങ്ങിയത്.

കിവീസിന് വേണ്ടി മാറ്റ് ഹെന്റിയും വില്‍ ഒറോര്‍ക്കും മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റും ഗ്ലെന്‍ ഫിലിപ്സ് ടിം സൗത്തി എന്നിവര്‍ രണ്ട് വിക്കറ്റും നേടി. അതേസമയം ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കണമെങ്കില്‍ ഇന്ത്യ ഇത്തിരി വിയര്‍ക്കേണ്ടി വരും. 107 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കുന്നതില്‍ കിവീസിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യക്ക് സ്വന്തം തട്ടകത്തില്‍ വിജയിച്ച് മുന്നോട്ട് പോകാം.

 

Content Highlight: Rishabh Pant Surpasses M.S. Dhoni In Test Cricket