ക്രിക്കറ്റില്‍ അമ്പയര്‍മാരുടെ തീരുമാനത്തോട് വിയോജിപ്പ് തോന്നിയാല്‍ അത് പ്രകടമാക്കാനുള്ള വഴിയാണ് ഡി.ആര്‍.എസ് അഥവാ ഡിസിഷന്‍ റിവ്യൂ സിസ്റ്റം. വിക്കറ്റ് അനുവദിക്കാതിരിക്കുമ്പോളോ അനാവശ്യമായി വിക്കറ്റ് വിളിച്ചാലോ ആണ് താരങ്ങള്‍ ഡി.ആര്‍.എസ് എടുക്കാറുള്ളത്.
ഒരു കളിയുടെ വിധി തന്നെ മാറ്റാനാവുമെന്ന് ഡി.ആര്‍.എസ് പലപ്പോഴായി തെളിയിച്ചതാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ധോണിയും കോഹ്‌ലിയും രോഹിത്തുമെല്ലാം ഡി.ആര്‍.എസ് എന്ന വജ്രായുധം വേണ്ടപോലെ ഉപയോഗപ്പെടുത്തിയവരാണ്.
എന്നാല്‍ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ റിഷബ് പന്താണ് ഡി.ആര്‍.എസ് എടുക്കുന്നതില്‍ സമ്പൂര്‍ണ പരാജയമായി മാറിയിരിക്കുന്നത്. കേവലം ഇന്ത്യന്‍ ജേഴ്‌സിയില്‍ മാത്രമല്ല ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരിക്കുമ്പോഴും ഡി.ആര്‍.എസ് മിക്കപ്പോഴും പന്തിനെ തുണച്ചിട്ടില്ല.
ആവശ്യമുള്ളപ്പോള്‍ ഡി.ആര്‍.എസ് എടുക്കാതിരിക്കുകയും എന്നാല്‍ അനാവശ്യമായി ഡി.ആര്‍.എസ് എടുക്കുകയും ചെയ്തതോടെയാണ് ഇത് പന്തിന് പറ്റിയ പണിയല്ല എന്ന് വിലയിരുത്തിത്തുടങ്ങിയത്.
ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് വേണ്ടി 17 തവണ റിവ്യൂ എടുത്തതില്‍ കേവലം മൂന്ന് തവണ മാത്രമാണ് ക്യാപ്പിറ്റല്‍സിന് അനുകൂലമായ വിധി വാങ്ങി നല്‍കാന്‍ താരത്തിനായത്. അതായത് 14 തവണയും തേര്‍ഡ് അമ്പയര്‍ പന്തിന് എതിരാവുകയായിരുന്നു. സക്‌സസ് റേറ്റാവട്ടെ 17.6 ശതമാനവും.
ഇന്ത്യന്‍ ജേഴ്‌സിയില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ താരത്തിന്റെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണ്. ഇന്ത്യക്കായി മൂന്ന് തവണ ഡി.ആര്‍.എസ് എടുത്തപ്പോള്‍, മൂന്ന് തവണയും പരാജയമായിരുന്നു ഫലം. അതായത് സക്‌സസ് റേറ്റ് പൂജ്യമെന്നര്‍ത്ഥം.
ക്യാപ്റ്റന്‍ എന്ന നിലയില്‍ താരത്തിന്റെ പക്വതക്കുറവ് ഐ.പി.എല്ലില്‍ തന്നെ കണ്ടതാണ്. കണ്ടം കളിയിലെന്നപോലെ മത്സരത്തിനിടെ ടീമിനെ തിരിച്ചുവിളിച്ചത് വലിയ വിമര്‍ശനമാണ് പന്തിന് നേടിക്കൊടുത്തത്.
മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല, കടല്‍ കടന്നും വിമര്‍ശനങ്ങള്‍ പന്തിന് നേരെയെത്തി.
അതേസമയം, ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ നാലാം മത്സരത്തിനാണ് രാജ്‌കോട്ടില്‍ കളമൊരുങ്ങുന്നത്. ഈ കളിയില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് തിരിച്ചുവരവ് സാധ്യമാവൂ.
പരമ്പരയിലെ ആദ്യ മത്സരത്തിലും പന്തിന്റെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നിരുന്നാലും നാലാം മത്സരത്തില്‍ വിജയിച്ച് തിരിച്ചുവരാനാണ് പന്തും സംഘവും ഒരുങ്ങുന്നത്.
Content highlight: Rishabh Pant’s Poor Captaincy