| Thursday, 15th December 2022, 9:49 am

ഹീറോയും ഞാന്‍ തന്നെ വില്ലനും ഞാന്‍ തന്നെ, ടീമിനെ വളര്‍ത്തുന്നതും തളര്‍ത്തുന്നതും ഞാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

റിഷബ് പന്താണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ റണ്‍സ് നേടാനും ഫോം കണ്ടെത്താനും സാധിക്കാതെ ടീമിന് ഭാരമാകുന്ന അതേ പന്ത് തന്നെയാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ നെടുംതൂണാകുന്നത്.

വെറ്റ് ബോള്‍ ഫോര്‍മാറ്റില്‍ തന്നെ തോല്‍വിയെന്ന് വിളിച്ചവരെയും തന്നെക്കൊണ്ട് ഒന്നിനും സാധിക്കില്ലെന്നും പറഞ്ഞ് വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ കയ്യടിപ്പിച്ചാണ് റിഷബ് പന്ത് ടെസ്റ്റില്‍ തിളങ്ങുന്നത്.

കഴിഞ്ഞ ദിവസം പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയ പറഞ്ഞതുപോലെ ടെസ്റ്റ് ക്രിക്കറ്റ് പന്തിന്റെ ഗെയിമാണ്. സമീപ കാലങ്ങളില്‍ കളിച്ചതില്‍ നിന്നും ഒരു പരകായ പ്രവേശം, അതാണ് ടെസ്റ്റില്‍ റിഷബ് പന്ത്.

ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ് പരിശോധിച്ചാല്‍ ഇക്കാര്യം നമുക്ക് വ്യക്തമാകും. ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യന്‍ താരമാണ് റിഷബ് പന്ത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പത്താം സ്ഥാനത്തും ഫാബ് ഫോറിലെ കരുത്തന്‍ വിരാട് കോഹ്‌ലി 12ാം സ്ഥാനത്തുമാണ് റാങ്കിങ്ങില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

801 റേറ്റിങ് പോയിന്റാണ് അഞ്ചാം സ്ഥാനത്തുള്ള പന്തിനുള്ളത്. രോഹിത് ശര്‍മക്ക് 746ഉം വിരാടിന് 714 ടെസ്റ്റ് പോയിന്റുമാണ് നിലവിലുള്ളത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ റിഷബ് പന്തിന്റെ ഡോമിനന്‍സ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ആരംഭിച്ച പന്ത് ഇന്ത്യയുടെ പല പ്രധാന ടെസ്റ്റ് വിജയത്തിനും നിര്‍ണായക പങ്കായിരുന്നു വഹിച്ചിരുന്നത്.

ഗാബ കീഴടക്കാന്‍ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി നിന്നത് റിഷബ് പന്ത് തന്നെയായിരുന്നു. ആ ദിവസത്തെ പന്തിന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നുവെങ്കില്‍ ആ ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുമെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

ഇതുവരെ 32 അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിലെ 54 ഇന്നിങ്‌സില്‍ നിന്നും 2196 റണ്‍സാണ് റിഷബ് പന്ത് സ്വന്തമാക്കിയിരിക്കുന്നത്. പത്ത് അര്‍ധ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയുമടക്കമാണ് താരത്തിന്റെ റണ്‍ നേട്ടം. ടെസ്റ്റില്‍ 43.48 ആണ് പന്തിന്റെ ശരാശരി.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ തുടര്‍പരാജയമാകുന്ന പന്ത് ഫോര്‍മാറ്റ് മാറുമ്പോള്‍ ആളാകെ മാറുന്നു. ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ കഴിഞ്ഞ മത്സരം തന്നെ ഉദാഹരണമായി എടുക്കാം.

ഇതിന് മുമ്പ് റിഷബ് പന്ത് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കളിച്ചത്. ഇന്ത്യയുടെ ടി-20 ലോകകപ്പായിരുന്നു. ലോകകപ്പില്‍ പന്തിന്റെ പ്രകടനം വന്‍ പരാജയമായിരുന്നു എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. അതിന് ശേഷം നടന്ന ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ടി-20യില്‍ മാത്രമല്ല ഏകദിനത്തിലും താന്‍ പരാജയമാണെന്ന് റിഷബ് പന്ത് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി.

ശേഷം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ താരം പുറത്തായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പാണ് പന്തിന് പരിക്കാണെന്ന കാര്യം സ്ഥിരീകരിച്ച് ബി.സി.സി.ഐ താരത്തെ സ്‌ക്വാഡില്‍ നിന്നും പുറത്താക്കുന്നത്.

എന്നാല്‍, ഈ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ റിഷബ് പന്ത് തന്റെ ക്ലാസ് വ്യക്തമാക്കി. 45 പന്തില്‍ നിന്നും 46 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. ടി-20യിലും ഏകദിനത്തിലും ടെസ്റ്റ് കളിക്കുകയും എന്നാല്‍ ടെസ്റ്റിലേക്കെത്തിയാല്‍ ഒ.ഡി.ഐ ഫോര്‍മാറ്റിലും കളിക്കുന്ന സൈക്കോ പന്തിന്റെ ഒരു തകര്‍പ്പന്‍ ഇന്നിങ്‌സ്.

യഥാര്‍ത്ഥത്തില്‍ റിഷബ് പന്ത് ഹീറോ തന്നെയാണ്. ഇന്ത്യന്‍ ടീമില്‍ ഇന്നുള്ളതില്‍ വെച്ച് ഏറ്റവും മികച്ച മൂന്ന് ടെസ്റ്റ് താരങ്ങളില്‍ ഒരാളാണ് റിഷബ് പന്തെന്ന് അഭിമാനത്തോടെ നമുക്ക് പറയാന്‍ സാധിക്കും.

എന്നാല്‍ ടെസ്റ്റില്‍ ഹീറോയാകുമ്പോഴും ഏകദിനത്തിലും ടി-20യിലും താരമിപ്പോഴും സീറോ തന്നെയാണ്. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ പന്തിന്റെ മാച്ച് വിന്നിങ് പ്രകടനത്തെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റ് പന്തിന് പറ്റിയതല്ല.

ചേതേശ്വര്‍ പൂജാരയെ പോലെയൊക്കെ പന്തിനെ ടീമിന്റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായി വളര്‍ത്തിയെടുക്കണം. അതുപോലെ തന്നെ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ പന്തിന് പകരം അവസരം കാത്തിരിക്കുന്ന ടാലന്റാഡായ താരങ്ങളെ പരിഗണിക്കുകയും വേണം.

ഏകദിനത്തിലും ടി-20യിലുമെല്ലാം സഞ്ജു സാംസണും ഇഷാന്‍ കിഷനുമെല്ലാം എത്രതന്നെ മികച്ച പ്രകടനം കാഴ്ചവെച്ചാലും അവര്‍ക്കെപ്പോഴും പ്രതിബന്ധമായി നില്‍ക്കുന്നത് പന്ത് തന്നെയാണ്. ആ നില മാറിയാല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ഭുതാവഹമായ മാറ്റങ്ങളുണ്ടാകുന്നത് നമുക്ക് കാണാന്‍ സാധിക്കും.

പന്ത് ടെസ്റ്റ് കളിക്കട്ടെ, ടെസ്റ്റില്‍ ഇന്ത്യയുടെ പേര് വാനോളമുയര്‍ത്തട്ടെ, അവനതിനുള്ള പ്രതിഭയുണ്ട്. ഒരുപക്ഷേ ഭാവിയില്‍ ലോകത്തിലെ ഏറ്റവും മികച്ച റെഡ് ബോള്‍ ക്രിക്കറ്ററാവാനുള്ള സാധ്യതയും ഈ യുവതാരത്തിന് മുമ്പിലുണ്ട്.

പന്തിന്റെ വിമര്‍ശകരും ഹേറ്റേഴ്‌സുമെല്ലാം തുറന്ന് സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, അവന്‍ ഇന്ത്യയിലെ മികച്ച ടെസ്റ്റ് ക്രിക്കറ്ററാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മാത്രമാണ് ആരാധകര്‍ പന്തിനെ വെറുക്കുന്നത്.

ഈയൊരു കാര്യം ബി.സി.സി.ഐ മനസിലാക്കിയാല്‍ മാത്രം മതി ഇന്ത്യയില്‍ റിഷബ് പന്തിന്റെ ഹേറ്റേഴ്‌സിന്റെ എണ്ണത്തില്‍ 90 ശതമാനത്തിലധികം കുറവ് വരും. എക്‌സ് ഫാക്ടറും വൈ ഫാക്ടറുമാക്കി പന്തിനോടുള്ള വിദ്വേഷം വളര്‍ത്തരുതെന്ന ഒറ്റ അപേക്ഷ മാത്രമാണ് ക്രിക്കറ്റ് ബോര്‍ഡിനോടും സെലക്ടര്‍മാരോടുമുള്ളത്.

Content Highlight: Rishabh Pant’s performance in test cricket

We use cookies to give you the best possible experience. Learn more