| Monday, 16th January 2023, 7:28 pm

'ആ യാത്ര ആരംഭിച്ചു കഴിഞ്ഞു'; അപകടത്തിന് ശേഷം പന്തിന്റെ ആദ്യ പ്രതികരണം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്ത് അപകടത്തില്‍ പെട്ട വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. ദല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വെച്ചായിരുന്നു താരത്തിന്റെ കാര്‍ ഡിവൈഡറിലിടിച്ച് അപകടമുണ്ടയത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. വഴിയാത്രക്കാരുടെ സമയോചിത ഇടപെടലാണ് പന്തിനെ രക്ഷിച്ചത്.

പന്തിന് അപകടം പറ്റിയതറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്പീഡി റിക്കവറിക്കായി ആശംസകളെത്തിയിരുന്നു. പാക് സൂപ്പര്‍ താരം ഷഹീന്‍ അഫ്രിദി മുതല്‍ നിരവധിയാളുകളാണ് താരം വളരെ പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുക്കാന്‍ ആശംസിച്ചത്.

അപകടത്തില്‍ താരത്തിന്റെ പുറം ഭാഗത്ത് മുഴുവന്‍ പൊള്ളലേല്‍ക്കുകയും കാലിന്റെ ലിഗമെന്റ് പൊട്ടുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കാലിന്റെ സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയത്.

സര്‍ജറിക്ക് ശേഷം രണ്ട് സെക്കന്റോളം പന്ത് സ്വയം എഴുന്നേറ്റ് നിന്നെന്നും താരം വളരെ പെട്ടെന്ന് തന്നെ ആരോഗ്യ സ്ഥിതി വീണ്ടെടുക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

അപകടം സംഭവിച്ചതിന് ശേഷം പന്ത് ആദ്യമായി പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. ട്വിറ്ററിലൂടെയായിരുന്നു തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും മടങ്ങി വരവിനെ കുറിച്ചും പന്ത് ആരാധകരോട് പറയുന്നത്.

‘നിങ്ങളുടെ എല്ലാ പിന്തുണക്കും ഞാന്‍ നന്ദിയറിയിക്കുന്നു. എന്റെ ശസ്ത്രക്രിയ വിജയകരമാണെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങാനുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. മുന്നിലുള്ള ഏത് വെല്ലുവിളികള്‍ക്കും ഞാന്‍ തയ്യാറാണ്,’ പന്ത് ട്വീറ്റ് ചെയ്തു.

നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും ആരാധകരോടും ടീം അംഗങ്ങളോടും ഡോക്ടര്‍മാരോടും ഫിസിയോകളോടും എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു. മൈതാനത്തെത്തി നിങ്ങളെ കാണാന്‍ കാത്തിരിക്കുകയാണ്,’  പന്ത് പറഞ്ഞു.

പന്തിന്റെ ആരോഗ്യ സ്ഥിതിയില്‍ ആരാധകരും ഏറെ സന്തുഷ്ടരാണ്.

അപകടനത്തിന് പിന്നാലെ പന്തിന് പല മത്സരങ്ങളും ഇതിനോടകം തന്നെ നഷ്ടമായിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനമടക്കം നിരവധി പരമ്പരകളും 2023 ഐ.പി.എല്ലും താരത്തിന് നഷ്ടമായിരിക്കുകയാണ്. ഇന്ത്യയില്‍ വെച്ച് നടക്കുന്ന 2023 ലോകകപ്പിലും പന്ത് ടീമിനൊപ്പമുണ്ടാകാനുള്ള സാധ്യത കുറവാണ്.

Content highlight: Rishabh Pant’s first response after accident

We use cookies to give you the best possible experience. Learn more