ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ചെന്നൈ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 205 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നിലവില്‍ 432 റണ്‍സിന് ആതിഥേയര്‍ മുന്നിട്ടുനില്‍ക്കുകയാണ്.
2022 ഡിസംബറില്‍ പരിക്കേറ്റതിന് ശേഷം പന്ത് അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ 39 റണ്‍സ് നേടിയ പന്ത് രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടി. ടെസ്റ്റിലെ ആറാം സെഞ്ച്വറിയിലേക്കാണ് പന്ത് കണ്ണുവെക്കുന്നത്.
പന്തിന്റെ തിരിച്ചുവരവും ഫോമിലേക്ക് മടങ്ങിയെത്തിയതും ഇന്ത്യന്‍ ടെസ്റ്റ് ടീമിന് ഏറെ ഗുണകരമാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയടക്കമുള്ള പരമ്പരകള്‍ ഈ വര്‍ഷം തന്നെ ഇന്ത്യക്ക് കളിക്കാനുണ്ടെന്നിരിക്കെ പന്തിന്റെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കുകയാണ്.
പരിക്കിന് പിന്നാലെ പന്തിന് പല മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു. 2023 ഐ.പി.എല്ലും 2023 ഏകദിന ലോകകപ്പും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമെല്ലാം താരത്തിന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ നഷ്ടപ്പെട്ടത് ഓരോന്നായി തിരിച്ചുപിടിക്കുന്ന പന്തിനെയാണ് ക്രിക്കറ്റ് ലോകം കാണുന്നത്.
അതേസമയം, ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ ആധിപത്യമുറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. നിലവിലെ അവസ്ഥയില്‍ ചെപ്പോക് ടെസ്റ്റില്‍ ഇന്ത്യ വിജയിക്കാനുള്ള സാധ്യതകളേറെയാണ്.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സാണ് നേടിയത്. ഹോം ടൗണ്‍ ഹീറോ ആര്‍. അശ്വിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോറിലെത്തിയത്.
133 പന്തില്‍ നിന്നും 113 റണ്‍സാണ് അശ്വിന്‍ ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. അശ്വിന് പുറമെ 86 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും 56 റണ്‍സ് നേടിയ യുവതാരം യശസ്വി ജെയ്സ്വാളും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ടോട്ടല്‍ മറികടന്ന് ലീഡ് നേടാന്‍ ഒരുങ്ങിയെത്തിയ ബംഗ്ലാദേശിനെ ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യ 149 റണ്‍സിന് പുറത്താക്കി. ബുംറ നാല് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പിഴുതെറിഞ്ഞു.