സഞ്ജു ഇനിയും കാത്തിരിക്കണം, അവൻ ആറാടുകയാണ്; രോഹിത്തിന് ശേഷം ചരിത്രനേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ 'പന്ത്'
Cricket
സഞ്ജു ഇനിയും കാത്തിരിക്കണം, അവൻ ആറാടുകയാണ്; രോഹിത്തിന് ശേഷം ചരിത്രനേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ 'പന്ത്'
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th June 2024, 1:19 pm

ടി-20 ലോകകപ്പിൽ ജൂൺ ഒമ്പതിന് നടന്ന മൽസരത്തിൽ പാകിസ്ഥാനെ ആറ് റൺസിന്‌ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. നസാവു കൗണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് പാകിസ്ഥാനെ തകര്‍ത്തത്. ബുംറക്ക് പുറമെ ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തിയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നാല് ഓവറില്‍ 24 റണ്‍സ് വിട്ടു നല്‍കിയാണ് ഹര്‍ദിക് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.അര്‍ഷദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

31 പന്തില്‍ 42 റണ്‍സ് നേടിയ റിഷബ് പന്തായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ടോപ് സ്‌കോറര്‍. ആറ് ഫോറുകളാണ് പന്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ബാറ്റിങ്ങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് പന്ത് നടത്തിയത്. മൂന്ന് ക്യാച്ചുകള്‍ ആയിരുന്നു താരം കൈപ്പിടിയിലാക്കിയത്. ഫഖര്‍ സമാന്‍, ശതാബ് ഖാന്‍, ഇമാദ് വസിം എന്നിവരുടെ ക്യാച്ചുകള്‍ ആണ് പന്ത് നേടിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ആക്റ്റീവ് താരങ്ങളില്‍ ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഒരു മത്സരത്തില്‍ 30+ റണ്‍സും മൂന്ന് ക്യാച്ചുകളും നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.

ഇതിന് മുമ്പ് ഇത്തരത്തിലുള്ള നേട്ടം സ്വന്തമാക്കിയിരുന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയായിരുന്നു 2021 ലോകകപ്പില്‍ നമീബിയക്കെതിരെയായിരുന്നു രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം ജയത്തോടെ ഗ്രൂപ്പ് എയില്‍ നാലു പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ജൂണ്‍ 12ന് അമേരിക്കയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Content Highlight: Rishabh Pant record achievement in T20 World Cup