| Monday, 18th July 2022, 5:57 pm

ഗുരുദക്ഷിണ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്; രവിശാസ്ത്രിക്ക് കുപ്പി കൊടുത്ത് റിഷബ് പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ നിര്‍ണായകമായ ഒരു സമയത്തായിരുന്നു മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകസ്ഥാനമേറ്റെടുക്കുന്നത്. പരിശീലകന്റെ റോളിലെത്തിയ ശേഷം കാര്യമായ കിരീട നേട്ടങ്ങള്‍ ശാസ്ത്രി യുഗത്തില്‍ ഉണ്ടായിട്ടില്ലെങ്കിലും പല താരങ്ങളേയും വാര്‍ത്തെടുക്കാനും പലര്‍ക്കും ആവശ്യമായ പിന്തുണ നല്‍കാനും ശാസ്ത്രിക്കായിരുന്നു.

അത്തരത്തില്‍ ശാസ്ത്രി പിന്തുണ നല്‍കിയ ഒരു താരമായിരുന്നു റിഷബ് പന്ത്. രവി ശാസ്ത്രിയുടെ ബേബി എന്നുപോലും അക്കാലത്ത് പന്തിനെ വിശേഷിപ്പിച്ചിരുന്നു. ഗാബ കീഴടക്കാന്‍ നിര്‍ണായകമായതുമുതല്‍ കഴിഞ്ഞ ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ പന്തിനെ പ്രാപ്തനാക്കിയതിലെ ഒരു ഘടകം ശാസ്ത്രി മാജിക് തന്നെയായിരുന്നു.

ഇപ്പോഴിതാ, തന്റെ പ്രിയ ഗുരുനാഥന് ഗുരുദക്ഷിണ നല്‍കിയിരിക്കുകയാണ് പന്ത്. ഇന്ത്യ – ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ചിന് ലഭിച്ച ഷാംപെയ്ന്‍ ബോട്ടിലാണ് ഗ്രൗണ്ടില്‍ വെച്ച് തന്നെ പന്ത് ശാസ്ത്രിക്ക് നല്‍കിയത്.

കിരീടം നേടിയതിന്റെ ആഘോഷങ്ങള്‍ക്കിടെ ശാസ്ത്രിയുടെ അടുക്കലേക്ക് ഓടിയെത്തിയ പന്ത്, അദ്ദേഹത്തോട് അല്‍പനേരം സംസാരിക്കുകയും, ടീമിനൊപ്പം ചേരുന്നതിന് മുമ്പ് കൈയിലിരുന്ന ഷാംപെയ്ന്‍ ബോട്ടില്‍ ശാസ്ത്രിക്ക് നല്‍കുകയായിരുന്നു. രവി ശാസ്ത്രിക്ക് ഷാംപെയ്ന്‍ ബോട്ടില്‍ നല്‍കിയതോടെ ആരാധകര്‍ ആര്‍ത്തുവിളിക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നേരത്തെ, സഹതാരങ്ങള്‍ക്കൊപ്പം ആഘോഷിക്കുമ്പോള്‍ പന്തടക്കമുള്ള താരങ്ങള്‍ രോഹിത് ശര്‍മയെ ഷാംപെയ്‌നില്‍ കുളിപ്പിച്ചിരുന്നു.

റിഷബ് പന്തിന്റെ അണ്‍ബീറ്റണ്‍ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് തുണയായത്. ഏകദിനത്തിലെ ആദ്യ സെഞ്ച്വറി പന്ത് തന്റെ പേരില്‍ കുറിക്കുമ്പോള്‍ ഇംഗ്ലണ്ട് മണ്ണില്‍ ടി-20 പരമ്പരയും ഏകദിന സീരീസും ആദ്യമായി നേടിയതിന്റെ ചരിത്രവും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെടുകയായിരുന്നു.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ കാലിടറി വീഴാന്‍ തുടങ്ങുമ്പോഴായിരുന്നു പന്ത് ക്രീസിലെത്തിയത്. തുടര്‍ന്ന് 16 ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ പുറത്താവാതെ 125 റണ്‍സായിരുന്നു താരം നേടിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 43ാം ഓവറിലായിരുന്നു ഇന്ത്യയുടെ വിജയം.

ചെയ്‌സിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പ്രഹരമേറ്റിരുന്നു. വെറും ഒരു റണ്‍ നേടി മൂന്നാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെ അഞ്ചാം ഓവറില്‍ നായകന്‍ രോഹിത്തിനെയും പുറത്താക്കി ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചു.

മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും സൂര്യകുമാര്‍ യാദവും പെട്ടെന്ന് പുറത്തായെങ്കിലും റിഷബ് പന്തും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.

ഹര്‍ദിക് ആക്രമിച്ചും പന്ത് ആങ്കര്‍ ചെയ്തും കളിച്ചപ്പോള്‍ ഒരു ക്ലാസിക്ക് പാര്‍ട്‌നര്‍ഷിപ്പിനായിരുന്നു ഓള്‍ഡ് ട്രാഫോര്‍ഡ് സാക്ഷിയായത്. ഹര്‍ദിക് പുറത്തായെങ്കിലും പന്തും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

Content Highlight: Rishabh Pant Offers Ravi Shastri His Champagne Bottle As India won against England

We use cookies to give you the best possible experience. Learn more