സഞ്ജുവിന് ഇനി പന്തിന്റെ പിറകിൽ നിൽക്കാം; ചരിത്രനേട്ടത്തിൽ സഞ്ജുവിനെ കടത്തിവെട്ടി പന്തിന്റെ കുതിപ്പ്
Cricket
സഞ്ജുവിന് ഇനി പന്തിന്റെ പിറകിൽ നിൽക്കാം; ചരിത്രനേട്ടത്തിൽ സഞ്ജുവിനെ കടത്തിവെട്ടി പന്തിന്റെ കുതിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th April 2024, 3:40 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പില്‍സിന് രണ്ടാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്. ടോസ് മത്സരത്തില്‍ നേടിയ ലഖ്നൗ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹോം ടീം നിശ്ചിത ഓഫറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപിറ്റല്‍സ് 18.1 ഓവറില്‍ ആറ് വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ദല്‍ഹിക്കായി നായകന്‍ റിഷബ് പന്ത് മിന്നും പ്രകടനമാണ് നടത്തിയത്. നാല് ഫോറുകളും രണ്ട് സിക്സുകളും ഉള്‍പ്പെടെ 24 പന്തില്‍ 41 റണ്‍സാണ് പന്ത് നേടിയത്. ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ദല്‍ഹി ക്യാപ്പിറ്റല്‍സിനായി 3000 റണ്‍സ് എന്ന നേട്ടത്തിലേക്കാണ് പന്ത് നടന്നുകയറിയത്.

മറ്റൊരു തകര്‍പ്പന്‍ നേട്ടവും പന്ത് സ്വന്തമാക്കി. ഐ.പി.എല്ലില്‍ 3000 റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും പന്ത് സ്വന്തമാക്കി.

26 വയസും 191 ദിവസവും പ്രായമുള്ളപ്പോഴാണ് പന്ത് ഈ നേട്ടം സ്വന്തമാക്കിയത്.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ മറികടന്നു കൊണ്ടായിരുന്നു ദൽഹി നായകന്റെ മുന്നേറ്റം. സഞ്ജു 26 വയസും 320 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടത്തില്‍ എത്തിയത്.

ഈ റെക്കോഡുകളുടെ പട്ടികയില്‍ ഒന്നാമത്തുള്ളത് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ ആണ്. 24 വയസും 215 ദിവസവും പ്രായമുള്ളപ്പോഴാണ് ഗില്‍ ഐ.പി.എല്ലില്‍ 3000 റണ്‍സ് പിന്നിട്ടത്. ഇതില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയാണ്. 26 വയസും 186 ദിവസവും പ്രായമുള്ളപ്പോഴാണ് വിരാട് നേട്ടം സ്വന്തമാക്കിയത്.

പന്തിന് പുറമെ ഓസ്‌ട്രേലിയന്‍ യുവതാരം ജെക്ക് ഫ്രാസര്‍ മക്ഗര്‍ക്ക് 35 പന്തില്‍ 55 റണ്‍സും പ്രിത്വി ഷാ 22 പന്തില്‍ 32 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ലഖ്‌നൗ ബാറ്റിങ്ങില്‍ ആയുഷ് ബധോനി 35 പന്തില്‍ 55 റണ്‍സും നായകന്‍ കെ.എല്‍ രാഹുല്‍ 22 പന്തില്‍ 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ദല്‍ഹി ബൗളിങ്ങില്‍ കുല്‍ദീവ് യാദവ് മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നിലവില്‍ ആറ് മത്സരങ്ങള്‍ നിന്ന് രണ്ടു വിജയവും നാല് തോല്‍വിയുമായി നാല് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ദല്‍ഹി. ഏപ്രില്‍ 17ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ദല്‍ഹിയുടെ അടുത്ത മത്സരം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയം ആണ് വേദി.

Content Highlight: Rishabh Panth is third youngest Indian player to compleate 3000 runs in IPL