ടെസ്റ്റിലെ ഇവന്റെ വെടിക്കെട്ടിന് മുമ്പില്‍ സെവാഗും കുഴഞ്ഞു; ഇടിവെട്ട് റെക്കോഡില്‍ ഇന്ത്യന്‍ സിംഹം
Sports News
ടെസ്റ്റിലെ ഇവന്റെ വെടിക്കെട്ടിന് മുമ്പില്‍ സെവാഗും കുഴഞ്ഞു; ഇടിവെട്ട് റെക്കോഡില്‍ ഇന്ത്യന്‍ സിംഹം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th October 2024, 4:53 pm

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന്റെ കൂറ്റന്‍ വിജയവും ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരത്തിലും ഇന്ത്യന്‍ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഒരു സെഞ്ച്വറിയടക്കം രണ്ട് ടെസ്റ്റില്‍ നിന്നും 161 റണ്‍സാണ് പന്ത് നേടിയത്. അതില്‍ 19 ഫോറും അഞ്ച് സിക്‌സറുകളും അടക്കമായിരുന്നു പന്തിന്റെ വെടിക്കെട്ട് പ്രകടനം. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും പന്തിന് സാധിച്ചിരിക്കുകയാണ്. ഹോം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് പന്ത് സ്വന്ത് സ്വന്തമാക്കിയത്.

ഹോം ടെസ്റ്റിലെ പന്തിന്റെ സ്‌ട്രൈക്ക് റേറ്റ് റെക്കോഡ്

ഹോം ടെസ്റ്റ് ക്രിക്കറ്റല്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ള താരം (മിനിമം 500 റണ്‍സ്), റണ്‍സ്, ആവറേജ്, സ്‌ട്രൈക്ക് റേറ്റ്, ഫിഫ്റ്റി/സെഞ്ച്വറി

ടിം സൗത്തി (ന്യൂസിലാന്‍ഡ്) – 1109 – 17.32 – 92.64 – 5/0

റിഷബ് പന്ത് (ഇന്ത്യ) – 800 – 61.53 – 89.98 – 6/2

ബെന്‍ ഡക്കറ്റ് (ഇംഗ്ലണ്ട്) – 867 – 43.35 – 86.78 – 5/1

ഷാഹിദ് അഫ്രീദി (പാക്സ്ഥാന്‍) – 841 – 38.22 – 85.55 – 6/2

വിരേന്ദര്‍ സെവാഗ് (ഇന്ത്യ) – 4656 – 54.13 – 83.42 – 19/13

കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം ന്യൂസിലാന്‍ഡ്) – 1074 – 51.14 – 81.54 – 6/2

ആദം ഗില്‍ ക്രിസ്റ്റ് (ഓസ്‌ട്രേലിയ) – 2936 – 45.87 – 81.41 – 17/7

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ പന്തിന്റെ തിരിച്ചുവരവ്

2022ല്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ റിഷബ് കാലങ്ങള്‍ക്ക് ശേഷമായിരുന്നു റെഡ് ബോളിലേക്ക് തിരിച്ചുവന്നത്. പരിക്ക് മാറി വിശ്രമ ഘട്ടത്തില്‍ തിരിച്ചുവരാന്‍ കഠിന പ്രയത്‌നം നടത്തിയ പന്തിനെ പല ക്രിക്കറ്റ് താരങ്ങളും നിരീക്ഷകരും പ്രശംസിച്ചിരുന്നു. ശേഷം 2024 ടി-20 ലോകകപ്പില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

റെഡ് ബോളില്‍ അഗ്രസീവായ പ്രകടനം കാഴ്ചവെക്കുന്ന പതിവ് രീതിയിലേക്ക് പന്ത് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകരും. ഇതുവരെ 35 ടെസ്റ്റ് മത്സരത്തിലെ 60 ഇന്നിങ്സില്‍ നിന്ന് 2432 റണ്‍സാണ് പന്ത് നേടിയത്. അതില്‍ 159* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഇനി ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയാണ് ഇന്ത്യയ്ക്ക് ഉള്ളത്. ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നടക്കും.

 

Content Highlight: Rishabh Pant In Record Achievement in Home Test Matches