ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 2-1 എന്ന നിലയില്‍ ഇന്ത്യയാണ് ആധിപത്യം പുലര്‍ത്തുന്നത്. രാജ്കോട്ടില്‍ നടന്ന മൂന്നാമത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് 434 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യന്‍ യുവ നിര മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. യശസ്വി ജയ്‌സ്വാള്‍ കരിയറിലെ രണ്ട് ഇരട്ട സെഞ്ച്വറി നേടിയും സര്‍ഫറാസ് ഖാന്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയും ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ ടെസ്റ്റില്‍ അവസാന 10 ഇന്നിങ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു താരം എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ പല മുന്‍നിര താരങ്ങളേയും പിന്തള്ളിയാണ് ഈ താരത്തിന്റെ പേര് ശ്രദ്ധിക്കപ്പെട്ടത്. 14 മാസങ്ങളോളം ഒരു മത്സരങ്ങളിലും പങ്കെടുക്കാത്ത റിഷബ് പന്താണത്.
ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്യംസനാണ്. കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളില്‍ താരം തുടര്‍ച്ചയായി സെഞ്ചറികള്‍ നേടിയിരുന്നു.
അവസാന 10 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, ടീം, റണ്‍സ് എന്ന ക്രമത്തില്‍
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 878
റിഷബ് പന്ത് – ഇന്ത്യ – 663
ദിമുത് കരുണരത്‌നെ – ശ്രീലങ്ക – 650
വിരാട് കോഹ്‌ലി – ഇന്ത്യ – 631
യശസ്വി ജയ്സ്വാള്‍ – ഇന്ത്യ – 595
14 മാസങ്ങള്‍ക്ക് മുമ്പ് ഒരു വാഹന അപകടത്തില്‍ പരിക്ക് പറ്റിയതിനെതുടര്‍ന്ന് പന്ത് ചികിത്സയിലായിരുന്നു. ഇപ്പോള്‍ 2024 ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സില്‍ ക്യാപ്റ്റനായി തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ ജെ.എസ്.സി.എ സ്റ്റേഡിയം കോംപ്ലക്സിലാണ് നടക്കുക.
Content Highlight: Rishabh Pant In Record Achievement