കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഫ്‌ളോറിഡ ടി-20യില്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. പല കാരണങ്ങള്‍ കൊണ്ടും ഇന്ത്യയുടെ വിജയം ആരാധകര്‍ക്ക് ആവേശമായിരുന്നു.
ഏഷ്യാ കപ്പ് അടുത്തുവരവെ ഇന്ത്യയുടെ ടി-20 സീരീസ് വിജയമെന്നതും ടി-20 ലോകകപ്പിന് ഇന്ത്യന്‍ ടീം സെറ്റാണ് എന്നതെല്ലാം ഈ കാരണങ്ങളില്‍ പെടുന്നു.
ഇന്ത്യയുടെ എല്ലാ ഡിപാര്‍ട്‌മെന്റും ഒന്നിനൊന്ന് മെച്ചമായിട്ടായിരുന്നു ഗ്രൗണ്ടില്‍ നിറഞ്ഞാടിയത് എന്നതായിരുന്നു മറ്റൊരു കാര്യം. ബാറ്റിങ്ങിനിറങ്ങിയ എല്ലാവരും സ്‌കോര്‍ ബോര്‍ഡ് നിറച്ചപ്പോള്‍ ബൗളര്‍മാര്‍ വിന്‍ഡീസിനെ ഒന്നൊഴിയാതെ എറിഞ്ഞിടുകയും ചെയ്തു.
യുവതാരം റിഷബ് പന്തായിരുന്നു കഴിഞ്ഞ മത്സരത്തിലെ പോയിന്റ് ഓഫ് അട്രാക്ഷന്‍. ഇന്ത്യന്‍ ടീമിന്റെ ടോപ് സ്‌കോററായതും വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തിയതും എല്ലാം ഇതില്‍ ഉള്‍പ്പെടും.
ഇന്ത്യന്‍ ടീമിലെ കുട്ടികളിലൊരാളായ പന്തിന്റെ കുട്ടിത്തം നിറഞ്ഞ ഒരു ഷോട്ടും കഴിഞ്ഞ ദിവസം പിറന്നിരുന്നു. ക്രിക്കറ്റില്‍ ഇന്നോളം കാണാത്ത, അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടായിരുന്നു പന്ത് അടിച്ചത്.
അക്ഷരാര്‍ത്ഥത്തില്‍ അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടിന്റെ ടെക്‌സ്റ്റ്ബുക്ക് ഡെഫനിഷനായിരുന്നു പന്തിന്റെ ഷോട്ട്. കളിയുടെ 15ാം ഓവറിലായിരുന്നു പന്തിന്റെ ഷോട്ട് പിറന്നത്. വിന്‍ഡീസ് സ്റ്റാര്‍ പേസര്‍ ഒബെഡ് മക്കോയ്‌ക്കെതിരെയായിരുന്നു പന്തിന്റെ ‘ഡാന്‍സിങ് ഷോട്ട്’.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ഒന്നാകെ ആ ഷോട്ടിന് പിന്നാലെയാണ്. ഈ ഷോട്ടിന് എന്ത് പേരിടണമെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതുപോലെ ഷോട്ട് കളിക്കാന്‍ പ്രാക്ടീസ് ചെയ്യാറുണ്ടോ എന്നും പന്ത് പന്തായി തന്നെ കളിക്കുകയാണെന്നും കമന്റുകള്‍ വരുന്നുണ്ട്.
പന്തിന്റെയും മറ്റ് താരങ്ങളുടെയും മികവില്‍ 191 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. പന്തിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (33), സഞ്ജു സാംസണ്‍ (30*) സൂര്യകുമാര്‍ യാദവ് (24), ദീപക് ഹൂഡ (21), അക്‌സര്‍ പട്ടേല്‍ (20*) എന്നിവരും അറിഞ്ഞു കളിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങിയ രണ്ട് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും 3.1 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങുമാണ് കരീബിയന്‍ താരങ്ങള്‍ക്ക് മേല്‍ കൊടുങ്കാറ്റായത്.
നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിയും നാല് ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേലും ചേര്‍ന്ന് ബാക്കി താരങ്ങളെ കറക്കി വീഴ്ത്തിയപ്പോള്‍ വിന്‍ഡീസിന്റെ പതനം പൂര്‍ത്തിയായി.
ആവേശ് ഖാനാണ് മത്സരത്തിലെ താരം.
ഇന്ത്യ – വിന്‍ഡീസ് പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കും. ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ അഗ്രസ്സീവ് അപ്രോച്ച് തുടരുമെന്നുറപ്പാണ്.
Content highlight: Rishabh Pant hits an unorthodox shot during India – West Indies 4th T20