ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന സ്‌ക്വാഡില്‍ നിന്നും റിഷബ് പന്തിനെ പുറത്താക്കുന്നതായി അറിയിച്ച് ബി.സി.സി.ഐ. മെഡിക്കല്‍ ടീമിന്റെ നിര്‍ദേശ പ്രകാരമാണ് താരത്തെ ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. പകരക്കാരായി ആരെയും പ്രഖ്യാപിച്ചിട്ടില്ല.
പരമ്പരയിലെ ആദ്യ ഏകദിനം നടക്കുന്നതിന് തൊട്ടുമുമ്പാണ് താരത്തെ ഒഴിവാക്കുന്നതായി ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്. അതേസമയം, താരം ടെസ്റ്റ് ടീമില്‍ തുടരുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
‘ബി.സി.സി.ഐ മെഡിക്കല്‍ ടീമുമായി കൂടിയാലോചിച്ച് റിഷബ് പന്തിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി അദ്ദേഹം ടീമിനൊപ്പം ചേരും. പകരക്കാരായി ആരെയും ടീമില്‍ ഉള്‍പ്പെടുത്തുന്നില്ല,’ ബി.സി.സി.ഐ ട്വീറ്റ് ചെയ്തു.
കെ.എല്‍. രാഹുലും ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി നിലവിലുള്ളത്. ആദ്യ ഏകദിനത്തില്‍ കെ.എല്‍. രാഹുലാണ് വിക്കറ്റിന് പിന്നില്‍ കരുത്താവുക.
പന്തിന്റെ അസാന്നിദ്ധ്യത്തിലും ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമില്‍ കളിയ്ക്കുന്ന സഞ്ജു സാംസണെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാന്‍ ബി.സി.സി.ഐ തയ്യാറായിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.
നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മോശം ഫോമിലൂടെയാണ് പന്ത് കടന്ന് പോകുന്നത്. ടി-20 ലോകകപ്പിലും ഏഷ്യകപ്പിലും ഇപ്പോള്‍ അവസാനിച്ച ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലുമടക്കം കളിച്ച കളിയിലെല്ലാം തന്നെ പന്ത് സമ്പൂര്‍ണ പരാജയമായിരുന്നു.
ഒരുവശത്ത് പന്ത് മോശം ഫോമില്‍ ടീമിന് ബാധ്യതയാകുമ്പോഴും മറുവശത്ത് ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്ന സഞ്ജുവിന് നേരെ എന്നും മുഖം തിരിക്കുന്ന നിലപാടാണ് ബി.സി.സി.ഐ കൈക്കൊണ്ടിരുന്നത്. ഇത് വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.
അതെസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ 49 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.
31 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും 17 പന്തില്‍ ഏഴ് റണ്‍സ് നേടിയ ശിഖര്‍ ധവാന്റെയും വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. 15 പന്തില്‍ നിന്നും ഒമ്പത് റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനം നഷ്ടമായത്. ഷാകിബ് അല്‍ ഹസന്റെ പന്തില്‍ ലിട്ടണ്‍ ദാസിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് സെന്‍.
ബംഗ്ലാദേശ് ഇലവന്‍
ലിട്ടണ്‍ ദാസ്, അനാമുല്‍ ഹഖ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഷാകിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മഹ്മദുള്ള, ആഫിഫ് ഹുസൈന്‍, മെഹിദി ഹസന്‍, മുസ്താഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്, എദാബോത് ഹുസൈന്‍.
Content Highlight: Rishabh Pant has been dropped from India’s ODI squad