| Thursday, 7th November 2019, 10:50 pm

'വിക്കറ്റ് കീപ്പിങ്ങിന്റെ അടിസ്ഥാനതത്വം പോലും മറന്ന വിക്കറ്റ് കീപ്പര്‍'; ഇന്ത്യ ജയിച്ചിട്ടും പിഴവുകളുമായി വീണ്ടും ഋഷഭ് പന്ത്; സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം- വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

രാജ്‌കോട്ട്: തുടര്‍ച്ചയായ മോശം ഫോമിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്കു വിധേയനാകുന്ന താരമെന്ന റെക്കോഡ് മാറ്റാര്‍ക്കും വിട്ടുനല്‍കില്ലെന്ന പിടിവാശിയിലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ബംഗ്ലാദേശിനെതിരെ തുടര്‍ച്ചയായ രണ്ടാം ട്വന്റി20 മത്സരത്തിലും വിക്കറ്റ് കീപ്പിങ്ങിലെ മോശം പ്രകടനം പന്തിനെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയാക്കിയിരിക്കുകയാണ്. ഈ മത്സരം ഇന്ത്യ ജയിച്ചിരുന്നു.

മത്സരത്തില്‍ നേരത്തേ ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഓപ്പണിങ് ജോഡിയായ ലിട്ടണ്‍ ദാസ്-മുഹമ്മദ് നയിം എന്നിവര്‍ 60 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെയാണു സംഭവമുണ്ടായത്.

കൂട്ടുകെട്ട് മുന്നോട്ടു കുതിക്കവെ, യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ ആറാം ഓവറില്‍ അദ്ദേഹത്തെ കയറി അടിക്കാന്‍ ശ്രമിച്ച ലിട്ടണ്‍ ദാസിന് തെറ്റി. ടേണ്‍ ചെയ്ത ബോള്‍ നേരിടാന്‍ അദ്ദേഹത്തിനായില്ല. ക്രീസില്‍ നിന്നു വളരെ അകലെയായിരുന്ന ദാസിനെ പുറത്താക്കാന്‍ ലഭിച്ച അനായാസമായ അവസരം പന്ത് ഉപയോഗിച്ചത് വിക്കറ്റ് കീപ്പിങ്ങിന്റെ അടിസ്ഥാന തത്വം പോലും മറന്നാണ്.

സ്റ്റമ്പ്‌സിന്റെ മുന്നില്‍വെച്ച് ബോള്‍ പിടിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ, പന്ത് സ്റ്റമ്പ് ചെയ്യാനായി ബോള്‍ കൈപ്പിടിയിലൊതുക്കിയത് സ്റ്റമ്പിന്റെ മുന്നില്‍ നിന്നാണെന്ന് റീപ്ലേകളില്‍ വ്യക്തമായി.

പലതരം മീമുകള്‍ ഉപയോഗിച്ചായിരുന്നു ട്വിറ്ററില്‍ ക്രിക്കറ്റ് പ്രേമികളുടെ പ്രതികരണം. പ്രധാനമായും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയുടെ പേര് പറഞ്ഞായിരുന്നു താരതമ്യവും പരിഹാസവും.

എന്താണെങ്കിലും പന്ത് തന്നെ അതിന് എട്ടാം ഓവറില്‍ പ്രായശ്ചിത്വം ചെയ്തു. എട്ടാം ഓവറില്‍ ദാസിനെ റണ്‍ ഔട്ടാക്കുകയും 13-ാം ഓവറില്‍ സൗമ്യ സര്‍ക്കാരിനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയും ചെയ്തത് പന്താണ്.

പക്ഷേ വിക്കറ്റ് കീപ്പിങ്ങില്‍ കുട്ടികള്‍ പോലും ഈ അടിസ്ഥാന നിയമം പാലിക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പന്തിന്റെ പിഴവിനെ സാമൂഹ്യമാധ്യമങ്ങള്‍ ആഘോഷിച്ചത്.

അതില്‍ ചില ട്വീറ്റുകള്‍ താഴെച്ചേര്‍ക്കുന്നു.

We use cookies to give you the best possible experience. Learn more