| Thursday, 25th April 2024, 7:50 am

മോഹിത്തിനെതിരെ പന്തിന് അർധസെഞ്ച്വറി! തിരുത്തിക്കുറിച്ചത് ടി-20യുടെ ചരിത്രം; ചരിത്രനേട്ടത്തിൽ ദൽഹി നായകൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിനാണ് ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്. ഡല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

മത്സരത്തില്‍ ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ദല്‍ഹി മികച്ച ടോട്ടല്‍ എതിരാളികള്‍ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. 53 പന്തില്‍ പുറത്താവാതെ 88 റണ്‍സ് നേടിക്കൊണ്ടായിരുന്നു പന്തിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും എട്ട് സിക്‌സുകളും ആണ് പന്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 204.65 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

ഗുജറാത്ത് ബൗളിങ്ങില്‍ മോഹിത് ശര്‍മ നാല് ഓവറില്‍ 73 റണ്‍സാണ് വിട്ടുനല്‍കിയത്. ഇതില്‍ 62 റണ്‍സും പന്തിനെതിരെയാണ് മോഹിത് വഴങ്ങിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ടി-20യില്‍ ഒരു മത്സരത്തില്‍ ഒരു ബൗളര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാനാണ് പന്തിന് സാധിച്ചത്.

2023 പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വയ്‌സ് അഹമ്മദിനെതിരെ 54 റണ്‍സ് നേടിയ ഉസ്മാന്‍ ഖാനെ മറികടന്നു കൊണ്ടായിരുന്നു പന്തിന്റെ മുന്നേറ്റം.

പന്തിനു പുറമേ അക്‌സര്‍ പട്ടേല്‍ 43 പന്തില്‍ 66 റണ്‍സും നേടി നിര്‍ണായകമായി. അഞ്ച് ഫോറുകളും നാല് സിക്‌സുകളും ആണ് താരം നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി സായ് സുദര്‍ശന്‍ 39 പന്തില്‍ 65 റണ്‍സും ഡേവിഡ് മില്ലര്‍ 23 പന്തില്‍ 55 റണ്‍സും വൃദിമാന്‍ സാഹ 25 പന്തില്‍ 39 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും അഞ്ച് റണ്‍സകലെ ഗുജറാത്തിന് വിജയം നഷ്ടമാവുകയായിരുന്നു.

Content Highlight: Rishabh Pant create a new record in IPL

We use cookies to give you the best possible experience. Learn more